ചാലക്കുടി: ലോകത്തിലെ ഏറ്റവും ശാസ്ത്രീയ വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥലമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കലിക്കൽ എസ്.എൻ.ഡി.പി എൽ.പി സ്‌കൂളിൽ നിർമ്മിച്ച ഡിജിറ്റൽ തിയ്യറ്റർ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾക്ക് ആധുനിക പഠന നിലവാരം ലഭ്യമാക്കൽ കെട്ടിടങ്ങളുടെ നവീകരണത്തിൽ മാത്രം ഒതുങ്ങുന്നില്ല. പാഠപുസ്തകങ്ങളും പാഠ്യ വിഷയങ്ങളും ഡിജിറ്റലാക്കണം. ഇതിന് അനുസൃതമായി അദ്ധ്യാപകരെയും പരിശീലിപ്പിച്ചെടുക്കണം. ഇതിനെല്ലാം വിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അടുത്ത അദ്ധ്യയന വർഷത്തിന് മുമ്പ് 141 സർക്കാർ സ്‌കൂളുകൾ ദേശീയ നിലവാരത്തിലാകും. 45,000 ക്ലാസ് മുറികളും ഡിഡിറ്റലായി മാറും. 1 മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങളുടെ നവീകരണത്തിന് 300 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇതിൽ 60 ശതമാനം എയ്ഡഡ് മേഖലയിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഹാൾ നിർമ്മാണത്തിന് 15 ലക്ഷം രൂപ നൽകിയ കുണ്ടോളി സുബ്രഹ്മണ്യനെ മന്ത്രി ആദരിച്ചു. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി.
കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ്ബാബു, മാനേജർ കെ.പി. സന്തോഷ്‌കുമാർ, പി.ടി.എ പ്രസിഡന്റ് ടി.എം. രതീശൻ, ഹെഡ്മിസ്ട്രസ് പി.ഡി. ഡിജി, കെ.കെ. സരസ്വതി, ബി.പി.ഒ: മുരളീധരൻ, കെ. മധുസൂദനൻ, കെ.കെ. ചന്ദ്രൻ, അജിത നാരായണൻ, രവി വടക്കെടന, കെ.വി. വിജയൻ, സി.വി. ആന്റണി, സി.ഡി. ഗിരീഷ്, സുബ്രഹ്മണ്യൻ വേലുപ്പിള്ളിൽ, ടി.ആർ. സുധി, എം.എൻ. സജയൻ, എൻ.എസ്. സജിത്ത്, വിദ്യ സജയൻ, രമ്യ ബാബു, കെ. ശ്യാംകൃഷ്ണ, സിനി നായർ എന്നിവർ പ്രസംഗിച്ചു.