ചാലക്കുടി: നെടുമ്പാശേരി വഴി കടത്തിയ സ്വർണം ചാലക്കുടി പോട്ട പാലത്തിന് സമീപം വച്ച് കൊള്ളയടിച്ച സംഭവത്തിലെ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ കൂടി പിടിയിലായി. കണ്ണൂർ തയ്യിൽ സ്വദേശികളായ ബൈദുൾ ഹിലാൽ വീട്ടിൽ ഷുഹൈൽ (35) , അമീൻ വീട്ടിൽ ഷാനവാസ് (25), മല്ലാട്ടി വീട്ടിൽ മനാഫ് (22), വയനാട് പെരിക്കല്ലൂർ പുൽപ്പള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ സുജിത് (22) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത് .
പിടിയിലായ ഷുഹൈൽ തീവ്രവാദ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹോദരനാണ് .വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തിയശേഷം തന്റെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ച് എയർപോർട്ടുകൾ വഴി സ്വർണം കടത്തുന്നവരെ നിരീക്ഷിച്ച് വിവരങ്ങൾ ഗുണ്ടാസംഘങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് കൊടുവള്ളി സ്വദേശികൾ സ്വർണവുമായി വരുന്ന വിവരം കിട്ടിയ ഷുഹൈൽ സംഘാംഗങ്ങളുമൊത്ത് അവിടെ എത്തി. കേസുകളിൽ പ്രതിയായ കല്ലേറ്റുംകര സ്വദേശി ഷഫീക്ക് എന്ന വാവയെ കവർച്ചാ ദൗത്യം ഏല്പിച്ചു.
പോട്ട ഫ്‌ളൈ ഓവറിന് സമീപം ഇന്നോവ കാറിലും ഹ്യൂണ്ടായി ഐടെൻ കാറിലുമായെത്തിയ കവർച്ചാസംഘം സ്വർണം കൊണ്ടുപോയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് യാത്ര തടസപ്പെടുത്തി. കാറിലെ ഒരാളെയും കാറും അടക്കം തട്ടിക്കൊണ്ടു പോയി. കൊടകരയ്ക്ക് സമീപം രണ്ടും ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നു.ഇതിൽ ഏഴു പേരെ പൊലീസ് പിടിച്ചിരുന്നു. മറ്റൊരു ലോഹം കൊണ്ട് ആവരണം ചെയ്തിരുന്ന സ്വർണം ഷെഫീക്കും ,ഷുഹൈലും, മനാഫും പൊളിച്ചെടുത്ത് കണ്ണൂരിൽ വിറ്റു.
ചാലക്കുടി സി.ഐ ജെ. മാത്യു, എസ്.ഐ ജയേഷ് ബാലൻ , ക്രൈം സ്‌ക്വാഡ് എസ്.ഐ വി.എസ് വത്സകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം എയർപോർട്ട് പരിസരം , ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ഒന്നര മാസമായി നടത്തിയ അന്വേഷണമാണ് വടക്കൻ ജില്ലകളിലെ ഗുണ്ടാസംഘങ്ങളെ കുടുക്കിയത്.
കരിപ്പൂർ വിമാനത്താവളത്തിലെ അന്വേഷണത്തിനിടെ മറ്റൊരു കവർച്ചയ്ക്കെത്തിയ ഇവർ പിടിയിലാകുകയായിരുന്നു. ചോദ്യം ചെയ്തതോടെ പോട്ടയിലെ കവർച്ചയുടെ ചുരുളഴിഞ്ഞു. വിറ്റ സ്വർണ്ണവും കണ്ടെടുത്തു . ഷുഹൈലും കൂട്ടാളികളും കരിപ്പൂരിൽ കാർ തട്ടിയെടുത്ത് കവർച്ച നടത്താൻ ശ്രമിച്ച കേസിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളാണ്.