kik-of-selection-camp
കിക്ക് ഓഫ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ.

എരുമപ്പെട്ടി: കുട്ടികളിൽ നിന്നും ഫുട്ബാൾ പ്രതിഭകളെ വാർത്തെടുക്കുക എന്ന ദൗത്യത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന കിക്ക് ഓഫ് ഗ്രാസ് റൂട്ട് ഫുട്ബാൾ പരിശീലന പദ്ധതിക്ക് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. സെലക്‌ഷൻ ക്യാമ്പിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.

ഫുട്ബോൾ ലോക റാങ്കിംഗിൽ ഇന്ത്യയുടെ നിലവാരം ഉയർത്തുന്നതിനായി കേരളത്തിലെ നഗര- ഗ്രാമ പ്രദേശങ്ങളിലെയും അവികസിത ഗിരിവർഗ കടൽത്തീര മേഖലകളിലെയും കുട്ടികളിൽ നിന്നും ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകുക എന്നതാണ് കിക്ക് ഓഫ് എന്ന പദ്ധതിയുടെ ലക്ഷ്യം. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും മദ്ധ്യേ ജനിച്ച 25 ആൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത് പരിശീലനം നൽകുക.

സിഗ്സാഗ്, ടു വേഴ്സസ് ടു, സ്പീഡ് എന്നീ മൂന്ന് ടെസ്റ്റുകളിൽ മികവ് പുലർത്തിയ അമ്പത് കുട്ടികൾക്കാണ് പ്രിലിമിനറി ട്രയൽസിൽ സെലക്‌ഷൻ ലഭിച്ചിരിക്കുന്നത്. ഫൈനൽ സെലക്‌ഷന് വേണ്ടിയുള്ള നാല് ദിവസത്തെ പ്രിപ്പറേറ്ററീവ് ക്യാമ്പിൽ ഇവർക്ക് പരിശീലനം നൽകും. ഫൈനലിൽ കിക്കിംഗ് ബാക്ക്, ഷൂട്ടിംഗ് എന്നീ ടെസ്റ്റുകളിൽ കൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 25 പേരെയാണ് കിക്കോഫ് ഗ്രാസ് റൂട്ട് പരിശീലന പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുക.

എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് തൃശൂർ ജില്ലയിലെ പരിശീല കേന്ദ്രം.ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ അംഗീകാരമുള്ള കോച്ചുകളാണ് പരിശീലനത്തിന് നേതൃത്വം നൽകുക. വിദേശ കോച്ചുകളുടെ സാങ്കേതിക സഹായവും ക്യാമ്പുകളിൽ ലഭിക്കും. അന്തർദേശീയ സർവകലാശാലകളുടെ സഹകരണത്തോടെ മികച്ച കളിക്കാർക്ക് ഉന്നത പരിശീലനം നൽകുന്നതിനോടൊപ്പം വിദേശ ക്ലബ്ബുകൾ, പ്രായോജകർ, ദേശീയ അന്തർദേശീയ താരങ്ങൾ, ഏജൻസികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരവും ലഭ്യമാകും. കോ- ഓർഡിനേറ്റർമാരായ പി.കെ. കുഞ്ഞിക്കോയ, എ.എം. റഫീക്ക് എന്നിവർ സെലക്‌ഷൻ ക്യാമ്പിന് നേതൃത്വം നൽകി.