wdy-minister-moytheen-gri
ശബരിമല വിഷയത്തിൽ വിശദീകരണവുമായി മന്ത്രി എ.സി. മൊയ്തീൻ ഗൃഹസന്ദർശനത്തിന് ഇറങ്ങിയപ്പോൾ.

വടക്കാഞ്ചേരി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളും ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടുകളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഗൃഹസന്ദർശനം നടത്തി. എതിർക്കുന്നവരോടും അനുകൂലിക്കുന്നവരോടും വളരെ ശാന്തനായി ചെറുചിരിയോടെ മന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. ഇന്നലെ രാവിലെ പനങ്ങാട്ടുകരയിൽ നിന്നായിരുന്നു മന്ത്രിയുടെ ഗൃഹസന്ദർശനം. രാവിലെ തന്നെ വീട്ടിലേക്ക് കയറി വന്ന മന്ത്രിയെ കണ്ട് പലരും അത്ഭുതപ്പെട്ടു. സർക്കാരിന്റെ തീരുമാനം തിരക്കിട്ടതായെന്നും ശരിയായില്ലെന്നും ആക്ഷേപിച്ചവരോട് മന്ത്രി കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു. 'ഇപ്പോൾ ഞങ്ങളുടെ തെറ്റിദ്ധാരണ മാറിയെന്നും സത്യം എന്താണെന്ന് ബോദ്ധ്യപ്പെട്ടുവെന്നും പറഞ്ഞാണ് ചില ഗൃഹനാഥന്മാർ മന്ത്രിയെ യാത്ര അയച്ചത്. ഏറെ അസംതൃപ്തി പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു. രാവിലെ ഒമ്പതോടെ ആരംഭിച്ച ഗൃഹസന്ദർശന പരിപാടിയിൽ സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ സുരേന്ദ്രൻ, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പാർട്ടി ഏരിയ കമ്മിറ്റിയുടെയും ലോക്കൽ കമ്മിറ്റിയുടെയും ഭാരവാഹികളും പങ്കെടുത്തു.