മുറ്റിച്ചൂർ: അന്തിക്കാട് മേഖലയിലെ നീറ്റുകക്ക ഉത്പാദന യൂണിറ്റുകളിൽ അവസാനത്തേതായ മുറ്റിച്ചൂരിലെ യൂണിറ്റിനും താഴ് വീഴുന്നു. 23 നീറ്റുകക്ക യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണം ഒഴികെ ബാക്കിയുള്ളതെല്ലാം പ്രവർത്തനം നിലച്ചു. ശേഷിക്കുന്ന മൂന്നിൽ രണ്ടെണ്ണം മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ അധികൃതർ പൂട്ടിച്ചു. ബാക്കിയുള്ള മുറ്റിച്ചൂരിലെ യൂണിറ്റിനും താഴ് വീഴുന്നതോടെ ഒരു പാരമ്പര്യ വ്യവസായം അപ്പാടെ തകരും.
60 വർഷമായി ഇത്തൾ നീറ്റുകക്ക ഉത്പാദനം ചെയ്തുവരുന്ന മുറ്റിച്ചൂർ അറക്ക വീട്ടിൽ ഷാഹുൽ ഹമീദിന്റേതാണ് മുറ്റിച്ചൂരിലെ യൂണിറ്റ്. കനോലി കനാലിനോട് ചേർന്ന് എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന യൂണിറ്റിന് ലൈസൻസ് പുതുക്കി നൽകുന്നില്ലെന്നാണ് പരാതി. കൊടുങ്ങല്ലൂർ മുതൽ ചേറ്റുവ വരെ കനോലി കനാലിലൂടെ മുപ്പതോളം തൊഴിലാളികൾ വഞ്ചിയിലാണ് കക്ക വാരി യൂണിറ്റിൽ എത്തിച്ചിരുന്നത്.
കക്ക പുഴുങ്ങി മാംസം വേർതിരിക്കുന്ന ഇത്തൾ പാട്ടക്ക് 50 രൂപ നിരക്കിൽ നൽകും. മാംസം കിലോയ്ക്ക് 200 രൂപ നിരക്കിൽ തൊഴിലാളികൾ നേരിട്ട് വിൽക്കും. ഇവ ചൂളയിലിട്ട് പ്രത്യേക അളവിൽ ചൂടാക്കിയാണ് നീറ്റു കക്ക തയാറാക്കുന്നത്. കൃഷിഭവൻ മുഖേന നിരവധി
പഞ്ചായത്തുകളിലേക്ക് നീറ്റുകക്കയും ഇത്തളും ഇവിടെ നിന്നും കൊണ്ടുപോയിരുന്നു. എന്നാൽ ആ വ്യവസായമാണ് പരിസ്ഥിതിപ്രശ്‌നങ്ങളും പ്രവർത്തന മാനദണ്ഡങ്ങളുടെയും പേരിൽ നിലനിൽപ്പ് ഭീഷണി നേരിടുന്നത്.
ഇത്തളിന്റെ ലഭ്യതക്കുറവും തൊഴിലാളി ക്ഷാമവും യൂണിറ്റുകൾ ഒന്നൊന്നായി അവസാനിപ്പിച്ചതിൽ പങ്കുവഹിച്ചിട്ടുണ്ട്. കൃഷിഭവനുകൾ മുഖേന അയ്യന്തോൾ മുതൽ കാട്ടൂർ വരെയുള്ള പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നും നീറ്റ് കക്ക ഉത്പാദിപ്പിച്ച് നൽകിയിരുന്നു. കർഷകർക്ക് ഇവ മൂന്നിലൊന്ന് വില നൽകിയാൽ ബാക്കി സബ്‌സിഡി കൃഷിഭവൻ മുഖേന നൽകിയിരുന്നു.
ഷാഹുൽ ഹമീദിന്റെ യൂണിറ്റിന് കഴിഞ്ഞ ഏപ്രിൽ മുതൽ ലൈസൻസ് പുതുക്കി കിട്ടിയിട്ടില്ല. ഇതോടെ മുറ്റിച്ചൂരിലെ അവസാന നീറ്റുകക്ക യൂണിറ്റും പൂട്ടേണ്ടിവന്നു. പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഉദ്യോഗ് ആധാർ, സാനിറ്ററി സർട്ടിഫിക്കറ്റ്, മുൻവർഷത്തെ ലൈസൻസ്, 100 മീറ്റർ ചുറ്റളവിൽ ഉള്ളവരുടെ സമ്മത പത്രം തുടങ്ങി വേണ്ട രേഖകളെല്ലാം കൈവശമുണ്ടെങ്കിലും ഇത്തവണ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയില്ല.
ചിലരുടെ പരാതി ഉന്നയിച്ചാണ് പഞ്ചായത്തിന്റെ നടപടി. ചിമ്മിനി 100 മീറ്റർ ഉയരം വേണമെന്നിരിക്കെ ഷാഹുൽഹമീദ് 120 മീറ്റർ ഉയരത്തിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുള്ളത്. ഹൈക്കോടതിയിൽ കേസ് നടത്തി യൂണിറ്റിന് ലൈസൻസ് ലഭിക്കുന്നതിനുള്ള അനുകൂലവിധി വന്നെങ്കിലും നടപ്പായില്ല. പാരമ്പര്യ വ്യവസായത്തിലെ അവസാന കണ്ണിയും ഇതോടെ പ്രതിസന്ധി നേരിടുകയാണ്.
നീറ്റുകക്കയുടെ ആവശ്യം
ഒരേക്കർ നെൽപ്പാടത്തേക്ക് 350 കിലോ നീറ്റു കക്കയാണ് വേണ്ടത്. രാസവളങ്ങൾ ഉപയോഗിക്കുന്നതിനാൽ മണ്ണിന്റെ അമ്ലത്വം വീണ്ടെടുക്കാൻ ഇവ കൂടിയേ തീരു.