ഗുരുവായൂർ: ആക്ടിവിസ്റ്റുകൾ എന്ന പേരിൽ ശബരിമല ദർശനത്തിനെത്തുന്നവരെ തടയുമെന്ന നിലപാടിന് മാറ്റമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചത് ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. അവർക്ക് ദർശനത്തിന് അനുവാദം നൽകില്ലെന്നാണ് സർക്കാർ നിലപാട്. യുവതികൾ ആരും ദർശനത്തിന് അപേക്ഷ നൽകിയിട്ടില്ല. തിരുവിതാംകൂർ രാജകുടുംബാംഗത്തിന്റെ വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തർ എത്തിയിരുന്നില്ല. മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുകയാണ്. ശബരിമലയിൽ മാദ്ധ്യമ പ്രവർത്തകരെ തടയുകയല്ല, അവർക്ക് സുരക്ഷയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ശബരിമലയിൽ കൂടുതൽ പൊലീസ് സാന്നിദ്ധ്യമുണ്ടെന്ന് പറയുന്നത് ശരിയല്ല. പൊലീസിനു നടുവിൽ നിന്ന് പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞത് തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു.