arastilayavar-

കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളത്ത് കുറ്റിക്കാട്ടിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി മഠത്തിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഈഴവന്തറ സുമിതയെയും ഭർത്താവ് അനിൽ കുമാറിനെയുമാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം കയ്പ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ നാട്ടുകാരാണ് കുറ്റിക്കാട്ടിൽ പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ട് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് പൊലീസ് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ ചികിത്സയ്ക്ക് സൗകര്യം ഒരുക്കി. സംഭവം അറിഞ്ഞെത്തിയ വാർഡ് മെമ്പറും ആശാ വർക്കറും വനിതാ പൊലീസുകാരും ചേർന്ന് സുമിതയോട് കാര്യം തിരക്കിയെങ്കിലും കുഞ്ഞ് തന്റേതല്ല എന്ന നിലപാടിലായിരുന്നു. എന്നാൽ അവശനിലയിലായിരുന്ന ഇവരുടെ മുറിയിൽ രക്തം കണ്ടെത്തിയതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തിൽ വീടിനോട് ചേർന്നുള്ള കുളിമുറിയിലും കുറ്റിക്കാട്ടിലും രക്തവും പ്രസവാവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്ത സുമിതയെയും ഭർത്താവിനെയും ചോദ്യം ചെയ്തതോടെ സത്യം വെളിവായി. ഭർത്താവ് ഗർഭനിരോധന ശസ്ത്രക്രിയ നടത്തിയതാണെന്നും പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് താനും ഭർത്താവും ചേർന്ന് കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഇടുകയായിരുന്നെന്നും സുമിത തന്നെ സമ്മതിച്ചു.

കുഞ്ഞ് ഇപ്പോൾ തൃശൂർ മുളങ്കുന്നത്ത്കാവിലെ തണൽ ശിശുഭവനത്തിൽ സംരക്ഷണത്തിലാണ്. 15 വർഷമായി വിവാഹിതരായ ഇവർക്ക് പന്ത്രണ്ടും രണ്ടര വയസുമുള്ള രണ്ടു പെൺകുട്ടികളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. എ.എസ്.ഐ അബ്ദുൾ സലാം, സീനിയർ സി.പി.ഒമാരായ സി.കെ. ഷാജു, പി.എ. അഭിലാഷ്, നജീബ് ബാവ, കെ.ജി. ലാൽജി, ഷിനോജ്, വനിതാ സീനിയർ സി.പി.ഒ സ്‌നേഹമോൾ, മെഹറുന്നീസ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്‌.