തൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ മുന്നേറ്റം. ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ ആറും സീനിയർ വിഭാഗത്തിൽ മൂന്നും റിലേയിൽ മൂന്നും അടക്കം ഇന്നലെ 12 റെക്കാഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളുടെ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും 200 മീറ്റർ വ്യക്തിഗത മെഡ്ലെയിലും ജഗന്നാഥനും ജൂനിയറിൽ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും 200 മീറ്റർ വ്യക്തിഗത മെഡ്ലെയിലും ഗിരിധറും ഇരട്ട റെക്കാഡ് പ്രകടനവുമായി രണ്ടാംദിനത്തിന്റെ താരങ്ങളായി.
വിമല കോളേജ് അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ 74 മത്സരങ്ങളുടെ ഫലം വന്നപ്പോൾ 48 സ്വർണവും 52 വെള്ളിയും 19 വെങ്കലവുമായി 467 പോയന്റുമായാണ് തിരുവനന്തപുരം മുന്നിട്ട് നിൽക്കുന്നത്. 12 സ്വർണവും ആറു വെള്ളിയും 21 വെങ്കലവുമായി എറണാകുളം ജില്ല 119 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഒമ്പത് സ്വർണവും എട്ടു വെള്ളിയും എട്ടു വെങ്കലവുമായി 99 പോയിന്റുമായി കോട്ടയമാണ് മൂന്നാമത്. നാലു സ്വർണവും ഏഴ് വെള്ളിയും 19 വെങ്കലവുമായി 73 പോയിന്റുമായി ആതിഥേയരായ തൃശൂർ നാലാം സ്ഥാനത്താണ്. സ്കൂളുകളിൽ 49 വീതം പോയിന്റുമായി എറണാകുളം ജില്ലയിലെ കളമശേരി ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസും തിരുവനന്തപുരം കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസുമാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം പിരപ്പൻകോട് ജി.വി.എച്ച്.എസ്.എസ് 25 പോയിന്റുമായും കളമശേരി രാജഗിരി സ്കൂൾ 23 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. . . .