gvr-chembai-

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം സംഗീതരത്നം പാലാ സി.കെ. രാമചന്ദ്രന് മന്ത്രി സമ്മാനിച്ചു. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും 50,001 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങിയതാണ് പുരസ്‌കാരം. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായി. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം പി. ഗോപിനാഥൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ നന്ദിയും പറഞ്ഞു. ചെമ്പൈ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു പാലക്കാട്ടെ ചെമ്പൈ ഗ്രാമത്തിൽ നിന്നു കൊണ്ടുവന്ന് വൈകിട്ടോടെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തിച്ച് സംഗീതോത്സവ വേദിയിൽ പ്രതിഷ്ഠിച്ച ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്.

പുരസ്‌കാര ജേതാവ് പാലാ സി.കെ. രാമചന്ദ്രന്റെ ഉദ്ഘാടന കച്ചേരിയും നടന്നു. തിരുവിഴ ശിവാനന്ദൻ (വയലിൻ), കൊച്ചിൻ ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), ദീപു ഏലകുളം (ഘടം) എന്നിവർ പക്കമേളമൊരുക്കി. ഇന്ന് രാവിലെ ക്ഷേത്രം ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രം തന്ത്രി സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്ന ശേഷമാണ് സംഗീതാർച്ചനകൾക്ക് ആരംഭമാകുക. ദിവസവും രാവിലെ 6 മുതൽ രാത്രി 12 വരെ കച്ചേരികൾ നീണ്ടു നിൽക്കും. വൈകിട്ട് ആറു മുതൽ ഒമ്പതുവരെ ഓരോ മണിക്കൂർ വീതം മൂന്നു പേർ സ്‌പെഷ്യൽ കച്ചേരികൾ അവതരിപ്പിക്കും.

രണ്ടു വായ്പാട്ടും ഒരു ഉപകരണസംഗീതവും എന്ന ക്രമത്തിലായിരിക്കും സ്‌പെഷ്യൽ കച്ചേരികൾ. ആകാശവാണിയുടെ തത്സമയ സംപ്രേഷണം 15ന് തുടങ്ങും. രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 7.35 മുതൽ 8.30 വരെയുമാണിത്. 18ന് രാവിലെ ഒമ്പതു മുതൽ പത്തുവരെയാണ് സംഗീതോത്സവത്തിലെ പ്രശസ്തമായ പഞ്ചരത്ന കീർത്തനാലാപന വിരുന്ന്. ദൂരദർശനും ആകാശവാണിയും സ്വകാര്യ ചാനലുകളും പഞ്ചരത്നകീർത്തനാലാപനം തത്സമയം പ്രക്ഷേപണം ചെയ്യും. ഏകാദശി ദിവസമായ 19ന് രാത്രി ഒമ്പതരയ്ക്ക് കേരളത്തിലെ പ്രശസ്തരായ സംഗീതജ്ഞർ ഒന്നിച്ചിരുന്ന ചെമ്പൈയുടെ ഇഷ്ടഗാനങ്ങളുടെ ആലാപനം നടത്തുന്നതോടെയാണ് ചെമ്പൈ സംഗീതോത്സവം സമാപിക്കുക.