പാവറട്ടി: തീരദേശ മേഖലയെ വിപത്തിലേക്ക് തള്ളിയിട്ട ലഹരി മാഫിയക്കെതിരെ നാട്ടുകാർ രംഗത്ത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കാർന്നുതിന്നുന്ന ലഹരി മാഫിയകളുടെ സ്വൈര്യവിഹാരത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വ്യക്തമായ പദ്ധതിയോടെയും പരിശീലനത്തോടെയും വിദ്യാർത്ഥികളെ മുഖ്യ കരുക്കളാക്കിയാണ് ലഹരി മാഫിയയുടെ പ്രവർത്തനം.
പത്രവാർത്തയെ തുടർന്ന് അർദ്ധരാത്രിയിലടക്കം ശക്തമായ പൊലീസ് പട്രോളിംഗും മേഖലയിൽ നടത്തിവരുന്നു. പല കുടുംബങ്ങളുടെയും മനഃസമാധാനം നഷ്ടപ്പെടുത്തി വിദ്യാർത്ഥികൾ ലഹരിക്ക് അടിമയായ വാർത്ത വന്നതോടെ വിവിധ യുവജന ക്ലബുകളും സാംസ്‌കാരിക സംഘടനകളും മതരാഷ്ട്രീയ പ്രസ്ഥാനങ്ങളും ലഹരിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ്.
ഷൈനിംഗ് സ്റ്റാർ ടെമ്പിൾ സിറ്റി, ലാസിയോൺ കുരിക്കാട്, പി.സി.സി കൈതമുക്ക്, ഗാന്ധിജി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് വെന്മേനാട്, തജ്‌നീദ് മരുതയൂർ, തരംഗിണി കലാവേദി ചുക്കുബസാർ തുടങ്ങിയ ക്ലബ്ബുകളും രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും പ്രവാസികളും ലഹരിക്കെതിരെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
യൂണിഫോം തന്ത്രവുമായി മാഫിയ
വിദ്യാലയ അധികൃതരെ നോക്കുകുത്തികളാക്കി പുതിയ തന്ത്രങ്ങളുമായാണ് ലഹരി മാഫിയ. ഇടവേള സമയത്തും ഉച്ചഭക്ഷണ സമയത്തും അതത് വിദ്യാലയങ്ങിലെ യൂണിഫോം ധരിച്ചെത്തിയാണ് മാഫിയാസംഘം വിദ്യാർത്ഥികൾക്ക് ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നത്. വിദ്യാലയത്തിനകത്ത് സ്‌കൂൾ സ്‌കൂൾ യൂണിഫോം ധരിച്ചെത്തുന്ന ഇത്തരക്കാരെ തിരിച്ചറിയാൻ അധികൃതർക്ക് കഴിയുന്നില്ല.
മേഖലയിലെ ഒരു വിദ്യാലയത്തിൽ യൂണിഫോം ധരിച്ച പുറത്തുനിന്നുള്ളയാളെ കണ്ടോടെയാണ് മാഫിയയുടെ പുതിയ വിപണന തന്ത്രം മനസിലായത്. ഇതിനെതിരെ ജാഗരൂകരാവുകയാണ് അധികൃതർ. സംശയാസ്പദമായ നിലയിൽ മറ്റു ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇവിടങ്ങളിൽ വിലസുന്നുണ്ട്. കണ്ണൂർ, കാസർകോട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾ ധാരാളമായി കാണുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ഇതോടെപ്പം ബൈക്കുകളും മേഖലയിൽ കറങ്ങി നടക്കുന്നുണ്ട്.