തൃശൂർ: പത്തുവർഷം മുൻപ് ആരോഗ്യവകുപ്പ് തുടങ്ങിയ പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം) ജില്ലാ, താലൂക്ക്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയുളള പ്രവർത്തനം പിന്നിട്ട് ജനറൽ ആശുപത്രി കേന്ദ്രീകരിച്ചുളള പരിശീലന കേന്ദ്രത്തിലേക്ക്.

കിടപ്പുരോഗികൾക്കും ഗുരുതര രോഗങ്ങൾ ബാധിച്ച് ശരീരം തളർന്നവർക്കും വേദനാസംഹാരിയായി മോർഫിൻ നൽകുന്നത് അടക്കമുള്ള വിദഗ്ദ്ധ പരിശീലനത്തിന് ഇൗ വർഷം തന്നെ പരിശീലനകേന്ദ്രം തുടങ്ങാനാണ് ലക്ഷ്യം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ അടക്കമുളള ഡോക്ടർമാർക്കും നഴ്സുമാർക്കും വളണ്ടിയർമാർക്കും വർഷം മുഴുവൻ പരിശീലനം നൽകും.

സാന്ത്വന പരിചരണത്തിൻ്റെ മൂന്നാംഘട്ടത്തിലാണിപ്പോൾ. 45 ഡോക്ടർമാർ ജില്ലയിൽ വിദഗ്ദ്ധ പരിശീലനം നേടി. അഞ്ച് ഡോക്ടർമാർ മോർഫിൻ ഉപയോഗിക്കുന്നത് അടക്കമുള്ള ചികിത്സാരീതികളും പരിശീലിച്ചു. താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുളള പരിചരണം ആയിരക്കണക്കിന് രോഗികളിൽ വിജയം കണ്ടു. 25 വർഷമായി സന്നദ്ധ സംഘടനകൾ സാന്ത്വനപരിചരണം നടപ്പാക്കുന്നുണ്ട്. കേരളത്തെ പാലിയേറ്റീവ് കെയർസൗഹൃദമായി കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചിരുന്നു.

കാൻസർ രോഗികളും വൃക്കരോഗികളും വാർദ്ധക്യസഹജമായ രോഗമുള്ളവരും സാന്ത്വന പരിചരണം ആവശ്യമുള്ളവരാണ്. നട്ടെല്ലിന് ക്ഷതമേറ്റവർ, പക്ഷാഘാതം ബാധിച്ചവർ, ഭിന്നശേഷിക്കാർ, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവർ, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ തുടങ്ങി സഹായം ആവശ്യമുള്ളവരും ഏറെയുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാവിധ പാലിയേറ്റീവ് പരിചരണവും ലഭ്യമാക്കാനാണ് ആരോഗ്യവകുപ്പ് 'സ്പർശം" പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
പരിചരണമോ മരുന്നോ സ്‌നേഹസ്പർശമോ കൊണ്ട് രോഗികളെ സാന്ത്വനിപ്പിക്കുന്ന, പാലിയേറ്റീവ് കെയർ മേഖലയിൽ ജില്ലാ മെഡിക്കൽ ഓഫീസർ മുതൽ കമ്യൂണിറ്റി നഴ്‌സുമാർവരെയുള്ള ശൃംഖലയാണുള്ളത്. സാന്ത്വന ചികിത്സ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയിലേക്കും പാലിയേറ്റീവ് കെയർ എത്തിക്കുന്നത് നിരീക്ഷിക്കുന്നതിന് സർക്കാർ മോണിറ്ററിംഗ് നടത്തിയിരുന്നു. അതേസമയം, പരിചരണവും ചികിത്സ കൂടുതൽ സൗകര്യപ്രദവും ശാസ്ത്രീയവും ഗുണനിലവാരമുള്ളതുമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 തീവ്രശ്രമം

''എല്ലാ കിടപ്പുരോഗികൾക്കും മാറാരോഗികൾക്കും ഗുണഫലം ലഭ്യമാക്കാനുളള ശ്രമമാണ് നടക്കുന്നത്. ഇതിനായി സമഗ്ര പരിശീലനപദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. വളണ്ടിയർമാരെ കണ്ടെത്താനുളള ക്യാമ്പുകളും ആരോഗ്യവകുപ്പ് ജീവനക്കാർക്ക് തൊഴിൽ പരിശീലനവും അതിവേഗം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പരിചരണം പഠിപ്പിച്ചുകൊടുക്കുക, രോഗികളോടുള്ള കുടുംബാംഗങ്ങളുടെ സമീപനം മാറ്റിയെടുക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്."

-ഡോ. ടി.വി. സതീശൻ (ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം)

100 പ്രാഥമിക യൂണിറ്റുകളിൽ ഹോംകെയർ, നഴ്സിംഗ് പരിചരണം

 33 സെക്കൻഡറി യൂണിറ്റുകളിൽ വിദഗ്ദ്ധ പരിചരണം. മൂത്രത്തിന്റെ ട്യൂബ് മാറ്റുക. ആന്തരാവയവങ്ങളിൽ ശസ്ത്രക്രിയ നടത്തിയവർക്ക് ഭക്ഷണം കൊടുക്കുക, ഫിസിയോതെറാപ്പി നടത്തുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും
 മൂന്നാംഘട്ടത്തിൽ കിടത്തിച്ചികിത്സ മുതൽ മോർഫിൻ അടക്കമുള്ള വേദനസംഹാരി നൽകുന്നതും ഉൾപ്പെടും. ഉദര, നാഡീസംബന്ധമായ പ്രത്യേക പരിചരണവുമുണ്ടാകും