തൃശൂർ: വിവിധ ചികിത്സാവിഭാഗങ്ങളിലായി 870 രോഗികൾക്ക് വിദഗ്ദ്ധ ചികിത്സയും പരിശോധനയും ലഭ്യമാക്കി രാമവർമ്മ ജില്ലാ ആയൂർവേദ ആശുപത്രിയിൽ ദേശീയ ആയൂർവേദ ദിനാചരണം നടത്തി. വിവിധ പദ്ധതികളുടെയും മെഗാ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഉദ്ഘാടനം കളക്ടർ ടി.വി. അനുപമ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ. എസ്. ഷിബു അദ്ധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, കോർപറേഷൻ കൗൺസിലർ എം.എസ്. സമ്പൂർണ, ഡോ. എൻ.ജി. ശ്യാമള, സി. മനോജ്കുമാർ, എം.എസ്. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
മെഡിക്കൽ ക്യാമ്പിൽ 32 സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു. രണ്ട് ലക്ഷം രൂപയ്ക്കുള്ള സൗജന്യമരുന്ന് വിതരണവും ലാബ് പരിശോധനയും നടത്തി. കായ ചികിത്സ, മർമ്മ ചികിത്സ, സ്ത്രീ രോഗങ്ങൾ, ബാലരോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, നേത്രരോഗങ്ങൾ വിഷ ചികിത്സ എന്നീ വിഭാഗങ്ങളിലുള്ള വിദഗ്ദ്ധ ഡോക്ടർമാരാണ് മെഡിക്കൽ ക്യാമ്പ് നയിച്ചത്. സെമിനാറും ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പൊതുജനാരോഗ്യം ആയൂർവേദത്തിലൂടെ എന്നതായിരുന്നു ഈ വർഷത്തെ ആയുർവേദ ദിന സന്ദേശം.
പരിശോധന തുടരും
''ഇൗ ക്യാമ്പിൻ്റെ തുടർച്ചയായി പരിശോധന തുടരും. ഒരാഴ്ചയ്ക്കുള്ള മരുന്നുകളാണ് രോഗികൾക്ക് നൽകിയിട്ടുള്ളത്. തുടർചികിത്സയുടെ ഭാഗമായും സൗജന്യമരുന്ന് വിതരണമുണ്ടാകും."
-ഡോ. എസ്. ഷിബു, ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം)