തൃശൂർ: പ്രളയം ബാക്കിവച്ച ദുരിതക്കെടുതിയിൽ ഇല്ലാതായത് ജീവനും സ്വത്തും മാത്രമല്ല, കലാകാരന്റെ ജീവിതം കൂടിയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷന്റെ കാരുണ്യ സംരംഭമായ സൽകല കലാനിലയം പ്രൊഫഷണൽ തിയ്യറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാനിലയം അനന്തപത്മനാഭൻ, ഫാ. റോബി കണ്ണഞ്ചിറ സി.എം.ഐ, നിലമ്പൂർ ആയിഷ, വിദ്യാധരൻ മാസ്റ്റർ, പി.ജെ. ചെറിയാൻ ജൂനിയർ, ടി.എം. എബ്രഹാം, ബിന്നി ഇമ്മട്ടി, കല്യാണി കാവാലം എന്നിവർ പങ്കെടുത്ത ചടങ്ങിൽ സൽകല ഫെസ്റ്റിവൽ ഡയറക്ടറായ തിരക്കഥാകൃത്ത് ജോൺ പോൾ കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു.
ആർട്ടിസ്റ്റ് പി.ജെ. ചെറിയാന് ടി.എം. എബ്രഹാം ഗുരുപ്രണാമം അർപ്പിച്ചു സംസാരിച്ചു. കലാനിലയം നാടകവേദിയിലെ മുൻ അഭിനേതാവായ അന്തരിച്ച കലാകാരൻ വാഴക്കുളം ജോർജ്ജിന്റെ കുടുംബ സഹായനിധിയിലേക്കുള്ള ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ഫാ. റോബി കണ്ണഞ്ചിറ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
പി.ജെ. ചെറിയാൻ ജൂനിയറിന് ഗുരുപ്രണാമ പുരസ്‌കാരവും, നിലമ്പൂർ ആയിഷയ്ക്ക് നാടകശ്രീ പുരസ്‌കാരവും കാവാലം നാരായണ പണിക്കർക്ക് ആദരം അർപ്പിച്ച് അദ്ദേഹത്തിന്റെ പൗത്രി കല്യാണി കാവാലത്തിനു കലാനിലയം നാടക കുടുംബപുരസ്‌കാരവും, അന്നേ ദിവസം നാടകം അവതരിപ്പിക്കുന്ന കൊല്ലം അസ്സീസിക്കുള്ള പങ്കാളിത്ത പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു.