തൃശൂർ: എംഫാം, ബിഫാം സെമസ്റ്റർ വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷ നടത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിലേക്ക് നീങ്ങുകയാണെന്ന് ഫാർമസി സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു. 2017ൽ ആരംഭിച്ച ബിഫാം, എംഫാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷ നിലവിൽ കൊണ്ടുവരിക, സോണൽ വാലുവേഷൻ നിലവിൽ കൊണ്ടുവരിക, നിലവിലുള്ള ഫീസ് വർദ്ധന വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണിവേഴ്‌സിറ്റിക്കു മുമ്പിൽ നാളെ സൂചനാ സമരം നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുടർന്നുള്ള സമര പരിപാടികളെകുറിച്ച് എട്ടിനു നടക്കുന്ന ഗവേണിംഗ് കൗൺസിൽ മീറ്റിംഗിനു ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പി. ആഷിക്, വി. മുഹമ്മദ് നിയാസ്, ജുനൈദ് അബ്ദുൾ മജീദ്, പി.ഒ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.