തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല കിരീടം ചൂടി. മൂന്നുദിവസമായി തൃശൂരിൽ നടന്ന 49-ാം സംസ്ഥാന സ്‌കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 69 സ്വർണവും 73 വെള്ളിയും 31 വെങ്കലവും നേടിയാണ് തിരുവനന്തപുരം ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. 652 പോയന്റാണ് തിരുവനന്തപുരം നേടിയത്. 143 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 123 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും നേടി. ആതിഥേയ ജില്ലയായ തൃശൂരാണ് 103 പോയിന്റ് നേടി നാലാം സ്ഥാനത്ത്.
15 സ്വർണവും 8 വെള്ളിയും 24 വെങ്കലവും എറണാകുളം നേടി. 13 സ്വർണവും എട്ട് വെള്ളിയും 12 വെങ്കലവും കോട്ടയം നേടിയപ്പോൾ, തൃശൂർ ആറു സ്വർണവും 11 വെള്ളിയും 24 വെങ്കലവും കരസ്ഥമാക്കി. സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലെല്ലാം തിരുവനന്തപുരം ചാമ്പ്യന്മാരായി.
സ്‌കൂൾ വിഭാഗത്തിൽ കളമശേരി ഗവ. വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസാണ് കിരീടം നേടിയത്. 11 സ്വർണവും 4 വെള്ളിയും മൂന്ന് വെങ്കലവും ഇവർ നീന്തിയെടുത്തു. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം കണ്യർകുളങ്ങര എച്ച്.എസ്.എസ് ആറു സ്വർണവും 11 വെള്ളിയും വെങ്കലവും അടക്കം രണ്ടാം സ്ഥാനം നേടി. ഇരുവർക്കും 70 പോയിന്റ് വീതം ലഭിച്ചെങ്കിലും, മികച്ച സ്വർണനേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കളമശേരി സ്‌കൂൾ ചാമ്പ്യന്മാരായത്. അഞ്ചു സ്വർണവും മൂന്ന് വെള്ളിയും ആറു വെങ്കലവുമായി തിരുവനന്തപുരം പാപ്പനംകോട് വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി.
സബ് ജൂനിയർ ആൺകുട്ടികളിൽ മൂന്നിനങ്ങളിൽ സ്വർണം നേടിയ കളമശേരി ഗവ. വി.എച്ച്.എസ്.എസിലെ വി.ആർ. സന്തോഷ് വ്യക്തിഗത ചാമ്പ്യനായി. സബ് ജൂനിയർ പെൺകുട്ടികളിൽ മൂന്നു വീതം സ്വർണം നേടിയ തിരുവനന്തപുരം സായിയുടെ എസ്. ഭദ്ര സുദേവൻ, പിരപ്പൻകോട് സി.എസ്.എച്ച് സ്വിമ്മിംഗിലെ അഭിരാമി ശ്രീകുമാർ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ജൂനിയർ ആൺകുട്ടികളിൽ കണിയാപുരം സ്‌പെഷ്യൽ ഹോസ്റ്റൽ ഫൊർ റെസലിംഗിലെ പി.ആർ. ബിനാസ്, എസ്. ഗിരിധർ, കളമശേരി രാജഗിരി ഹൈസ്‌കൂളിലെ ആരോൺ ജെ. തോമസ് എന്നിവരും, ജൂനിയർ പെൺകുട്ടികളിൽ പാല സെന്റ് മേരീസ് എച്ച്.എസ്.എസിലെ സി.ജെ. ശ്രദ്ധ, മുത്തോളി സെന്റ് ജോസഫ്‌സിലെ സാനിയ സജി, പിരപ്പൻകോട് വി.എച്ച്.എസ്.എസിലെ കുൽസാൻ സാൽവന എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയർ ആൺകുട്ടികളിൽ കളമളേരി വി.എച്ച്.എസ്.എസിലെ പി.ജെ. ജഗൻനാഥൻ, നാണിയോട് സ്വിമ്മിംഗ് എച്ച്.എസ്.എസിലെ ജി. വിഷ്ണു, ടി.കെ. കൃഷ്ണജിത് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയർ പെൺകുട്ടികളിൽ കണ്യർകുളങ്ങര ഗേൾസ് എച്ച്.എസ്.എസിലെ ബി.എസ്. ബിന്ധ്യ, ചേർപ്പുങ്കൽ ഹോളി ക്രോസിലെ ഏഞ്ചല മാത്യു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.