gvr-chembai
ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം കുറിച്ച് ചെമ്പൈ സംഗീതമണ്ഡപത്തിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് ദീപം തെളിയിക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം. രാവിലെ ക്ഷേത്രം ശ്രീലകത്തുനിന്നും പകർന്ന് കൊണ്ടുവന്ന ദീപം ഉപയോഗിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ചെമ്പൈ സംഗീതമണ്ഡപത്തിലെ നിലവിളക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് തെളിച്ചതോടെയാണ് 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമായത്.

ചെമ്പൈ സംഗീതോത്സവത്തിൽ സ്പെഷ്യൽ കച്ചേരികൾക്കും ഇന്നലെ വൈകിട്ട് ആരംഭമായി. ഡോ. ഗായത്രി ശങ്കരന്റേതായിരുന്നു ആദ്യ സ്പെഷ്യൽ കച്ചേരി. എസ്. ഈശ്വരവർമ്മ (വയലിൻ), ചേർത്തല ജയദേവൻ (മൃദംഗം), മങ്ങാട് പ്രമോദ് (ഘടം) എന്നിവർ പക്കമേളം വായിച്ചു. തുടർന്ന് ചെന്നൈ ജി. മാധവന്റേതായിരുന്നു കച്ചേരി. വൈക്കം പത്മാകൃഷ്ണൻ (വയലിൻ), ചേർത്തല ആർ. അനന്തകൃഷ്ണൻ (മൃദംഗം), തൃക്കാക്കര വൈ.എൻ. ശാന്താറാം (ഗഞ്ചിറ). മുത്തുകുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരിയോടെയായിരുന്നു ആദ്യദിനത്തിലെ സ്പെഷ്യൽ കച്ചേരികൾ സമാപിച്ചത്. എം.ആർ. ഗോപിനാഥ് (വയലിൻ), ഡോ. കുഴൽമന്ദം ജി. രാമകൃഷ്ണൻ (മൃദംഗം), പയ്യന്നൂർ ഗോവിന്ദപ്രസാദ് (മുഖർശംഖ്) എന്നിവർ പക്കമേളമൊരുക്കി.