delma
ഡെൽമ

തൃശൂർ: ലഹരി മാഫിയയെ പിടികൂടാൻ ഇനി പൊലീസിന് കൂട്ടായി ഡെൽമയും. പൊലീസ് അക്കാഡമിയിൽ നിന്ന് ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഡെൽമയെന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട പൊലീസ് നായ ജില്ലാ ഡോഗ് സ്‌ക്വാഡിൽ ചാർജെടുത്തിട്ടുള്ളത്.

ജില്ലയിൽ ആദ്യമായാണ് നർക്കോട്ടിക് സ്‌പെഷൽ ഡോഗ് എത്തുന്നത്. പ്രമുഖ കേസുകൾ തെളിയിച്ച ജില്ലാ ഡോഗ് സ്‌ക്വാഡിലെ ത്രിമൂർത്തികളായ ബെല്ലയ്ക്കും സോനയ്ക്കും ടീനയ്ക്കും കൂട്ടായാണ് ഡെൽമ എത്തിയിട്ടുള്ളത്. സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ വിവിധ കുറ്റാന്വേഷണങ്ങളിൽ സ്‌പെഷലൈസ് ചെയ്ത 6 നായ്ക്കളാണുള്ളത്. നാലു വയസുള്ള ഡോണ കുറ്റവാളികളെ പിൻതുടർന്ന് പിടികൂടുന്നതിലും ടീന സ്‌ഫോടക വസ്തുക്കൾ മണത്ത് പിടിക്കുന്നതിലും വിദഗ്ദ്ധയാണ്.

ഒമ്പത് വയസുവരെയാണ് ഒദ്യോഗിക ഡ്യുട്ടിയിൽ പൊലീസ് ശ്വാന സ്‌ക്വാഡിൽ ഉൾപ്പെടുത്തുക. ഡെൽമയുടെ വരവിൽ ഡോഗ് സ്‌ക്വാഡ് എസ്.ഐ ശശിധരനും സംഘവും ആഹ്‌ളാദത്തിലാണ്. ഡെൽമയോടൊപ്പം പൊലീസുകാരായ പി.സി. മനോജും, പി.കെ. ബിജുവും ഒപ്പമുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര ഡെൽമയെ പൊലീസ് സേനയിലേക്ക് സ്വാഗതം ചെയ്തു.