തൃശൂർ: നഗരത്തിൽ ഏതു പാതിരാത്രിയിലെത്തിയാലും തല ചായ്ച്ചുറങ്ങാൻ ഇനി സ്ത്രീകൾ ഭയക്കേണ്ട. സ്ത്രീകൾക്കായി സ്ത്രീകൾ നടത്തുന്ന ഷീ ലോഡ്ജ് തൃശൂരിൽ തുറന്നു. പുഴയ്ക്കൽ പാടത്ത് ലുലു കൺവെൻഷൻ സെന്ററിനടുത്താണ് ഒരേ സമയം അമ്പതുപേർക്ക് താമസിക്കാവുന്ന ഷീ ലോഡ്ജ് കോർപറേഷൻ വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഡോർമെറ്ററി സംവിധാനത്തിലുള്ള ലോഡ്ജിന്റെ നിർമ്മാണത്തിന് ഒന്നരക്കോടി രൂപ കോർപറേഷൻ ചെലവഴിച്ചു.

ഇന്നലെ മേയർ അജിത ജയരാജന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എ.സി മൊയ്തീൻ ഷീ ലോഡ്ജിന്റെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും താമസ സൗകര്യത്തിനുള്ള സംവിധാനം അടുത്ത തിങ്കളാഴ്ച മുതലായിരിക്കും. സംസ്ഥാനത്ത് പല ജില്ലകളിലും ഷീ ലോഡ്ജ് ആരംഭിച്ചിട്ടുണ്ട്. ഇത്തരം ലോഡ്ജുകളെ പരസ്പരം ബന്ധിപ്പിച്ച് ഓൺലൈനായി ബുക്ക് ചെയ്ത് സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഓൺലൈൻ സംവിധാനം ഫലപ്രാപ്തിയിലെത്താൻ സമയമെടുക്കുമെന്നതിനാൽ ടെലിഫോൺ വഴി ബുക്കിംഗ് സ്വീകരിക്കാനാണ് കോർപറേഷൻ തീരുമാനം. ഷീ ലോഡ്ജുകൾ പ്രവർത്തിപ്പിക്കാൻ സംസ്ഥാന തലത്തിൽ തന്നെ ഏജൻസി രൂപീകരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതിനുള്ള നടപടിക്രമങ്ങൾ ഇനിയും വൈകുന്നതിനാൽ താത്കാലികമായി കോർപറേഷൻ രണ്ടു വനിതാ വാർഡൻമാരെ നിയമിക്കും. ഏജൻസിയെ ഏൽപ്പിക്കുന്നതു വരെ കോർപറേഷൻ നേരിട്ട് ഷീ ലോഡ്ജ് നിയന്ത്രിക്കും.

ഷീ ലോഡ്ജ്

അത്യാവശ്യമുള്ള സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാൻ കാന്റീനും ഷീ ലോഡ്ജുകളിലുണ്ടായിരിക്കും. പകലും രാത്രിയും ഒരു പോലെ പ്രവർത്തിക്കുന്നതായിരിക്കും ഈ സുരക്ഷിത താമസസങ്കേതങ്ങൾ. സ്ത്രീ സൗഹൃദമായും മാനേജ്‌മെന്റ് വൈദഗ്ദ്ധ്യത്തോടെയും ഇവ നടത്താൻ വനിതാ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തും. കുടുംബശ്രീ സംവിധാനത്തിന്റെ സഹായത്തോടെ ഇവർക്ക് പരിശീലനവും നൽകും.


കാര്യങ്ങൾ ഇങ്ങനെ

24 മണിക്കൂർ താമസത്തിന് 50 രൂപ
പുറത്ത് നിന്നുള്ള ഭക്ഷണത്തിന് വിലക്ക്
മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിലും താമസിക്കാം (ഒഴിവുണ്ടെങ്കിൽ)
തിരിച്ചറിയൽ കാർഡ് നിർബന്ധം

എങ്ങനെയെത്താം..

തൃശൂരിൽ നഗരത്തിൽ നിന്ന് നാലര കിലോമീറ്റർ ദുരമുണ്ട് ഷീ ലോഡ്ജിലേക്ക്. കുന്നംകുളം, ഗുരുവായൂർ ബസിൽ കയറി പുഴയ്ക്കൽ ബസ് സ്റ്റോപ്പിലിറങ്ങിയാൽ മൂന്നൂറുമീറ്റർ നടന്നാൽ മതി. ഓട്ടോറിക്ഷയ്ക്കാണെങ്കിൽ നഗരത്തിൽ നിന്ന് 90 രൂപ ഇടാക്കും. അയ്യന്തോൾ ഗ്രൗണ്ട് കഴിഞ്ഞാൽ മീറ്റർ ചാർജും അതിന്റെ പകുതിയും ഈടാക്കുന്നതാണ് ഓട്ടോകളുടെ രീതി.

..................................................................

സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെയുള്ള സഞ്ചാരത്തിന് സുരക്ഷിതമായ താമസസൗകര്യം വേണമെന്ന കാഴ്ചപ്പാടിലാണ് ഇത്തരം ലോഡ്ജുകൾ സ്ഥാപിക്കുന്നത്. വർഗീസ് കണ്ടംകുളത്തി (മുൻ ഡെപ്യൂട്ടി മേയർ)......