തൃശൂർ: ഗുരുവായൂർ നഗരസഭ നിർമ്മിച്ച ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരകത്തിന്റെയും ഗുരുവായൂർ ദേവസ്വം ആധുനിക സി.സി.ടി.വി കാമറ നെറ്റ്‌വർക്ക് സിസ്റ്റത്തിന്റെയും പ്രവർത്തനോദ്ഘാടനം എട്ടിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമുച്ചയത്തിന്റെ രണ്ടാംഘട്ടത്തിലുള്ള,​ ടൈൽ വിരിച്ച് മനോഹരമാക്കിയ മൈതാനവും ക്ഷേത്ര പ്രവേശന കെ. കേളപ്പൻ സ്മാരക കവാടവും ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ വേദിയുമാണ് ഉദ്ഘാടനം ചെയ്യുക. മൈതാനം ടൈൽ വിരിക്കുന്നതിനുൾപ്പെടെ 67 ലക്ഷം രൂപയും സത്യഗ്രഹ വേദിക്ക് 25 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. നിർമ്മിതി കേന്ദ്രയാണ് നിർമ്മാണം പൂർത്തീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായി നാല് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക നെറ്റ് വർക്കിംഗ് ഇൻഫ്രാസ്ട്രക്ചർ സിസ്റ്റത്തിന്റെ സി.സി.ടി.വി പ്രവർത്തനോദ്ഘാടനവും നടക്കും. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമ്മാണം പൂർത്തീകരിച്ച സംവിധാനത്തിൽ ഫേസ് ഡിറ്റക്ടർ കാമറ ഉൾപ്പെടെ 305 കാമറകളാണ് സ്ഥാപിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ഫോട്ടോഗ്രഫി സംവിധാനം പുനഃസ്ഥാപിക്കുന്നതിനായി എക്‌സ്‌പെർട്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ഏറെ താമസിയാതെ ദേവസ്വം നേതൃത്വത്തിൽ ഫോട്ടോഗ്രാഫി സംവിധാനം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ പ്രഫ. പി. കെ ശാന്തകുമാരി, വൈസ് ചെയർമാൻ വിനോദ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവരും പങ്കെടുത്തു. . . .

..........

പ്രളയക്കെടുതി ക്ഷേത്ര ദർശനത്തിൽ ഗണ്യമായ കുറവുണ്ടാക്കി. എന്നാൽ ചില സംഘടനകളുടെ ദേവസ്വം ഭണ്ഡാരത്തിൽ പണമിടരുതെന്ന ആഹ്വാനം കാര്യമായി ബാധിച്ചില്ല

അഡ്വ. കെ.ബി. മോഹൻദാസ്

ദേവസ്വം ബോർഡ് പ്രസിഡന്റ്