തൃശൂർ : റേഞ്ച് ഐ.ജി ചമഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ ചേർപ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനെതിരെ (21) കൂടൂതൽ പരാതികൾ. തിരുത്തി പറമ്പ് സ്വദേശിയിൽ നിന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്തതായി മെഡിക്കൽ കോളേജ് പൊലീസിൽ പരാതി. തിരുത്തി പറമ്പ് മാളിയേക്കൽ വീട്ടിൽ റിട്ട. ട്രഷറി ഓഫീസറായ മുഹമ്മദ് കുട്ടിയെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്.

ബൊലേറോ ജീപ്പ്, മൊബൈൽ ഫോൺ, ലാപ്പ് ടോപ്പ്, ഒന്നര ലക്ഷം രൂപ എന്നിവയാണ് ഇയാൾ തട്ടിച്ചെടുത്തതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഡി.ഐ.ജി ഭാനുകൃഷ്ണ എന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. തനിക്ക് ഐ.പി.എസ് ലഭിച്ചെന്നും ഇതിനായി വാഹനവും പണവും ആവശ്യമുണ്ടെന്നും പറഞ്ഞാണ് മുഹമ്മദ് കുട്ടിയിൽ നിന്ന് ഇവയെല്ലാം വാങ്ങിയത്. മിഥുനും ഇയാളുടെ സഹോദരി സന്ധ്യയും മേയ് മാസം മുതൽ മുഹമ്മദ്കുട്ടിയുടെ മരുമകന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മണ്ണുത്തി പൊലീസാണ് ഇയാളെ വലയിൽ വീഴ്ത്തിയത്. മിഥുന്റെ രണ്ടാം ഭാര്യയായ താളിക്കുണ്ട് സ്വദേശിനിയുടെ സഹോദരന് സിവിൽ പൊലീസ് ഓഫീസറായി ജോലി വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഞ്ച് ലക്ഷം രൂപ തട്ടിയത്. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് പിസ്റ്റളുമായി പൊലീസ് സ്റ്റീക്കർ പതിച്ച വാഹനത്തിലായിരുന്നു ഇയാൾ പണം തട്ടാൻ ഇറങ്ങിയിരുന്നത്. തനിക്ക് സ്ഥലം മാറ്റമായെന്നും ഇത് തെളിയിക്കുന്ന വ്യാജ ഉത്തരവിന്റെ പകർപ്പും ഇയാൾ ഭാര്യ വീട്ടുകാരെ കാണിച്ചിരുന്നതായും പറയുന്നു. ഇയാളുടെ സമീപനങ്ങളിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് മിഥുൻ പിടിയിലായത്. ഇതിനിടെ അപസ്മാരം വന്നതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് പൊലീസ് പറഞ്ഞു. . .