തൃശൂർ: ജി.എസ്.ടി പിരിവിന്റെ പേരിൽ സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളികളെയും വിപണനം നടത്തുന്നവരെയും വഴിയിൽ തടഞ്ഞ് ഭീമമായ പിഴയീടാക്കുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്ന് ജില്ലാ ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ജില്ലാ കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ മുന്നറിയിപ്പ് നൽകി. കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ഒ പൗലോസ് മാസ്റ്റർ വിദ്യാഭ്യാസ എൻഡോവ്‌മെന്റ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയ ഗീതാഞ്ജലി സന്തോഷ്, അന്ന പി.ജെ, ബി. സന്ധ്യ, ഹിമദാസ്, അഖിൽരാജ്, ഐശ്വര്യ സി.എ എന്നിവർക്ക് ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി സോമസുന്ദരൻ വിതരണം ചെയ്തു. പി.ബി സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ.വി ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ബി സുകുമാരൻ റിപ്പോർട്ടും ഖജാൻജി പി.കെ ഭാസ്‌കരൻ കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ പൗലോസ് മാസ്റ്ററുടെ മകൾ ജാനറ്റും മരുമകൻ ബിന്നി മോനും പങ്കെടുത്തു. ടി.കെ പത്മനാഭൻ സ്വാഗതവും എം.സി ശശിധരൻ നന്ദിയും പറഞ്ഞു. നവംബർ 17ന് സംസ്ഥാന കൺവെൻഷൻ കണ്ണൂരിൽ നടക്കും. ജനുവരി 8, 9 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാനും തിരുമാനിച്ചു.. . .