ചാലക്കുടി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ ചേരിപ്പോരിന് വഴിതുറന്ന് ചാലക്കുടിയിലെ സ്‌കൂൾ സ്റ്റേഡിയം വിവാദം. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനോട് അനുബന്ധിച്ച് ആറ് ട്രാക്കുകളുള്ള സ്റ്റേഡിയം വേണമെന്ന ആവശ്യം ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങുകയാണ്. സ്‌കൂൾ സംരക്ഷണ സമിതി, പൗരസമിതി എന്നീ വിഭാഗങ്ങൾക്ക് നഗരസഭാ അധികൃതർ നൽകിയ ഉറപ്പ് ലംഘിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
മാസങ്ങൾക്ക് മുമ്പ് ഇതു സംബന്ധിച്ച് നഗരസഭയിലെ പ്രതിപക്ഷം മുൻകൈയെടുത്ത് ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. മുൻ ദേശീയ ഫുട്‌ബാൾ പിരിശീലകൻ ടി.കെ. ചാത്തുണ്ണി അടക്കമുള്ള കായിക താരങ്ങളെ അണിനിരത്തി നടന്ന പ്രക്ഷോഭത്തെ തുടർന്ന് നിരാഹാരസമരവും നടന്നിരുന്നു. ഇതിനിടെയാണ് പൗരപ്രമുഖർ ഇടപെട്ട് താത്കാലികമായി ഒത്തുതീർപ്പുണ്ടാക്കിയത്.
നിലവിലുള്ള സ്‌കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയ സ്‌കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കുക, പഴയ കെട്ടിടങ്ങൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് എട്ട് ട്രാക്ക് ഉൾപ്പെടുന്ന സ്റ്റേഡിയം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യു.ഡി.എഫ് നയിക്കുന്ന സമരസമിതി ഉന്നയിച്ചിരുന്നത്. എന്നാൽ നഗരസഭയിലെ ഭരണപക്ഷവും എൽ.ഡി.എഫും ഇതിനോട് പൂർണ്ണമായും യോജിച്ചിരുന്നില്ല.
പഴയ സ്ഥലത്തു നിന്നും കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റുന്നതിൽ പി.ടി.എ അടക്കമുള്ള മറ്റൊരു വിഭാഗവും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പ്ലസ് ടു വിഭാഗത്തിനായി നിലവിലെ സ്ഥലത്തെ തെക്ക് ഭാഗത്ത് പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതിന്റെ ശിലാസ്ഥാപന വേളയിലും മറുപക്ഷം എതിർപ്പുമായി രംഗത്തുവന്നു.
എന്നാൽ ഇവിടെ കെട്ടിടം നിർമ്മിച്ചാലും ആറ് ട്രാക്ക് സ്റ്റേഡിയത്തിന് സൗകര്യമുണ്ടാകുമെന്ന് നഗരസഭാ അധികൃതർ ഉറപ്പു നൽകിയിരുന്നത്രെ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം അളവിന് എത്തിയ ഉദ്യോഗസ്ഥർ ആറ് ട്രാക്കിനുള്ള സൗകര്യം ലഭിക്കില്ലെന്ന് അറിയിച്ചെന്നാണ് സംരക്ഷണ സമിതി പറയുന്നത്. ഇതിനെതിരെയാണ് നവംബർ 10 മുതൽ സമരപ്രഖ്യാപനം.
എന്നാൽ സമരക്കാരുടെ വാദമുഖങ്ങളെ തള്ളിക്കളയുകയാണ് ബി.ഡി. ദേവസി എം.എൽ.എ. ഇതോടെ പ്രതിപക്ഷത്തിന്റെ സമരത്തെ എൽ.ഡി.എഫ് എതിർക്കുമെന്ന് ഉറപ്പായി. സ്‌കൂൾ കെട്ടിടത്തെ ചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള വടംവലിയുണ്ടാകുമെന്നാണ് സൂചന.
'ആധുനിക രീതിയിലുള്ള സ്‌കൂളാണ് ഇവിടെ ആവശ്യം. സ്‌കൂളിന് അനുസൃതമായ സ്റ്റേഡിയവും നിർമ്മിക്കും'
-ബി.ഡി. ദേവസി എം.എൽ.എ