തൃശൂർ: ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ കേരളത്തിൽ ദുരവസ്ഥയുടെ അന്ധകാരം സൃഷ്ടിച്ചുവെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ തൃശൂർ യൂണിറ്റ് ഹാൾ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതി, മതം, വർഗം വർണം, ലിംഗം, സമ്പത്ത് എന്നിവയുടെ പേരിലാണ് സ്ഥാനമാനങ്ങൾ വീതം വയ്ക്കുന്നത്. ഈ വീതം വയ്പ്പുകളാണ് സമൂഹത്തിൽ വേർതിരിവുണ്ടാക്കുന്നത്. ഏതു തൊഴിലും മാന്യമാണെന്ന ചിന്ത എല്ലാവരിലും ഉണ്ടാവണം. ഭക്തിയും വിശുദ്ധിയും സ്വഭാവശുദ്ധിയും ജീവിതത്തിലും തൊഴിലിലും മാന്യതയോടെ ഉയർത്തിപ്പിടിക്കുമ്പോൾ വെളിച്ചമുണ്ടാകും. അഭിഭാഷകർക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് അഡ്വക്കേറ്റ് ക്ലർക്കുമാർക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രിൻസിപ്പിൽ സെഷൻസ് ജഡ്ജ് സോഫി തോമസ് മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് കെ.എസ് സുധീരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തേറമ്പിൽ രാമക്യഷണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് വി.കെ. രാജേന്ദ്രൻ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാനും ബാർ കൗൺസിൽ അംഗവുമായ കെ.ബി മോഹൻദാസ്, എം. രാമൻകുട്ടി, ജോസ് മേച്ചേരി, സി.വി ഫ്രാൻസിസ്, വി. വിശ്വനാഥൻ, സി. ഗോവിന്ദൻ നായർ, ടി.ഡി രാജപ്പൻ, ടി.എൻ രവിന്ദ്രൻ, എ.വി ഷിബു, പി.എ മാർട്ടിൻ, പി.കെ പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. . ..