തൃശൂർ: അത്യാധുനികവും വിലയേറിയതുമായ വിദേശ ഉപകരണങ്ങളുടെ സഹായത്തോടെ മണ്ണും ജലവും ഔഷധസസ്യങ്ങളും ഭക്ഷ്യവസ്തുക്കളും അടക്കം സൂക്ഷ്മമായി രാസവിശകലനം ചെയ്ത് ഗുണദോഷങ്ങൾ തിരിച്ചറിയാനുളള കേന്ദ്രം പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരുങ്ങുന്നു. മണ്ണിലെ ധാതുക്കൾ, ഭക്ഷ്യവസ്തുക്കളിലെ ഉൾപ്പെടെ കീടനാശിനി സാന്നിദ്ധ്യം, സസ്യങ്ങളിലെ ജൈവ തന്മാത്രകൾ, ഔഷധഗുണം, ജലത്തിന്റെ ഗുണനിലവാരം തുടങ്ങിയവ തിരിച്ചറിയാനും കൃത്യമായി വിശകലനം ചെയ്യാനുമുള്ള ഉപകരണങ്ങളാണ് 'അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ കേന്ദ്ര"ത്തിൽ സ്ഥാപിച്ചിട്ടുളളത്.
നാലു കോടി രൂപ ചെലവിട്ടാണ് ഉപകരണങ്ങൾ മാത്രം ഒരുക്കിയത്. ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും പരിശീലനം ലഭിച്ച വിദഗ്ദ്ധ ശാസ്ത്രജ്ഞരുടെ സഹായത്തോടെ പൊതു ഉപയോഗത്തിനായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾക്കാണ് പരിഗണന. പൊതുജനങ്ങൾ കൊണ്ടുവരുന്ന സാമ്പിളുകളും പിന്നീട് പരിഗണിക്കും. ഘനലോഹങ്ങളുടെ പരിശോധന അടക്കം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്താനാകും.
ലക്ഷ്യം ആരോഗ്യ-കാർഷിക-സാങ്കേതിക വളർച്ച
കണ്ണൂർ, കോഴിക്കോട്, സർവകലാശാലകൾക്ക് കീഴിലുള്ള മൂന്നൂറിലേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാർഷിക സർവകലാശാല, ആരോഗ്യസർവകലാശാല, സി. മെറ്റ്, കെ. ഇ.ആർ. ഐ, ഗവ. എൻജിനീയറിംഗ് കോളേജ്, ഗവ. മെഡിക്കൽ കോളേജ്, അമല, ജൂബിലി മെഡിക്കൽ കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ രാസപരിശോധനകൾക്കും സഹായകരമാകും. സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്, എൻ. ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച്, സെൻട്രൽ പ്‌ളാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് കേരള എന്നിവയുമായും അഖിലേന്ത്യാ തലത്തിലുളള സ്ഥാപനങ്ങളുടേയും ക്രിയാത്മക സഹകരണം ഉറപ്പുവരുത്താനും കഴിയും. ആരോഗ്യ, കാർഷിക, സാങ്കേതിക മേഖലകളിലെ ഗവേഷണത്തിനും മറ്റും മികവ് വർദ്ധിപ്പിക്കാനും പ്രയോജനപ്പെടും.
ദേശീയപാത കുതിരാനിൽ ടാങ്കർ ലോറി മറിഞ്ഞപ്പോൾ സമീപ സ്ഥലങ്ങളിലെ കിണറുകളിലെ വെള്ളം സൂക്ഷ്മമായി പരിശോധന നടത്തി റിപ്പോർട്ട് നൽകിയത് ഇത്തരം സൂക്ഷ്മപരിശോധനയിലൂടെയായിരുന്നു. വനവിഭവങ്ങളിലും സസ്യങ്ങളിലുമുള്ള ഘടകങ്ങൾ ആഴത്തിൽ തിരിച്ചറിയാനും പ്രാധാന്യം മനസിലാക്കാനും ഒൗഷധമേഖലയിലെ ഗവേഷണത്തിന് ആക്കം കൂട്ടാനും കേന്ദ്രത്തിന് കഴിയും.
-ഡോ. എ. വി. രഘു (ശാസ്ത്രജ്ഞൻ, വനഗവേഷണകേന്ദ്രം)
ഉദ്ഘാടനം ഇന്ന്
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ വനഗവേഷണ സ്ഥാപനത്തിൽ മുഖ്യമന്ത്രിയുടെ ഇംപാക്ട് ഫുൾ പ്രോഗ്രാമിന്റെ ഭാഗമായി സ്ഥാപിച്ചതാണ് കേന്ദ്രം. ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൈവ വൈവിദ്ധ്യ സംരക്ഷണം, വനപരിപാലനം, വനവിഭവങ്ങളുടെ മൂല്യവർദ്ധിത സുസ്ഥിര ഉപയോഗം, പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉപജീവനസാദ്ധ്യതകൾ എന്നീ മേഖലകളിൽ ഗവേഷണം, സാങ്കേതിക വിദ്യാവികസനം എന്നിവയിലാണ് വനഗവേഷണ സ്ഥാപനം ഉൗന്നൽ നൽകുന്നത്.. ..