കൊടുങ്ങല്ലൂർ: കടപ്പുറത്ത് സിഗരറ്റ് ലൈറ്റർ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റവും കൈയാങ്കളിയും വീട് കയറിയുള്ള ആക്രമണത്തിലേക്കെത്തി. രണ്ട് പേർ ആശുപത്രിയിലായി. എടവിലങ്ങിലെ ഡി.വൈ.എഫ്.ഐ ഫിഷറീസ് യൂണിറ്റ് പ്രസിഡന്റ് ഫൈസലിന്റെ വീടിന് നേർക്കായിരുന്നു അതിക്രമം. ഫൈസലിനെ ആക്രമിക്കാനുള്ള ശ്രമം തടഞ്ഞ പിതാവ് മജീദിനും, സഹോദരൻ അഫ്സലിനും പരിക്കേറ്റു. ഇരുവരും മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്. കടപ്പുറത്ത് വച്ചുണ്ടായ വാക്കേറ്റവും തുടർന്നുണ്ടായ കൈയാങ്കളിയുമറിഞ്ഞ ഒരു സംഘം അനുരഞ്ജന ശ്രമങ്ങളറിയാതെ നടത്തിയ ഇടപെടലാണ് വീടാക്രമണത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബൈക്കുകളിൽ എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ശംഖു ബസാറിലെ സഹപ്രവർത്തകരായ രണ്ട് ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മിട്ടു എന്നറിയപ്പെടുന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവർ ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാടിനെ കലാപഭൂമിയാക്കാനുള്ള ആർ.എസ്.എസ് നീക്കത്തെ എല്ലാ മതേതരവിശ്വാസികളും ചെറുത്തു തോൽപ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.