chayamansa
ചായമൻസ

മാള: കടൽ കടന്നെത്തിയ ചായമൻസ ഇലക്കറികളിലെ പോഷക സമ്പന്നതയിൽ മുന്നിലാണെന്ന തിരിച്ചറിവിലൂടെ നാട്ടിലെ താരമാകുന്നു. മെക്സിക്കോയാണ് ചായമൻസയുടെ ജന്മദേശമെങ്കിലും അമേരിക്കയിലെ പ്രാചീന മായൻ സമൂഹം ചായമൻസ കൃഷി ചെയ്ത് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു.ചായമൻസയെ ചില നാടുകളിൽ മരച്ചീര എന്നും വിളിക്കുന്നുണ്ട്.

ഏതുതരം മണ്ണിലും ഏത് കാലാവസ്ഥയിലും നട്ടുവളർത്താമെന്നതാണ് ചായമൻസയുടെ പ്രത്യേകത. മഴക്കാലത്തെയും കടുത്ത ചൂടിനെയും അതിജീവിക്കാൻ ഈ ചെടിക്ക് കഴിയും. കടും പച്ച നിറത്തിലുള്ള ഇലയാണ് നന്നായി വേവിച്ച് പാചകം ചെയ്തു ഉപയോഗിക്കേണ്ടത്. തളിർത്തണ്ടുകൾ നടാനായി ഉപയോഗിക്കുന്ന ചായമൻസ ചെടി മരച്ചീനിയുടെ ഇനത്തിലുള്ളതാണ്. അപൂർവ്വമായി പൂക്കുന്ന ഇരുപത് അടിയോളം വളരുന്ന ഈ ചെടി മേപ്പിളിന്റെ ഇലയോട് സാദൃശ്യമുള്ളതാണ്. പോഷകഗുണം ഏറെയുള്ള ചായമൻസ ഇല പ്രോട്ടീനിന്റെയും വൈറ്റമിൻ എ, അയൺ എന്നിവയുടെ കലവറയാണ്.

സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് കൃഷി ചെയ്യാൻ അനുയോജ്യമായിട്ടുള്ളത്. ഏറെ വിപണി സാദ്ധ്യതയുള്ള പ്രോട്ടീനിന്റെ കലവറയായ ചായമൻസ തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികൾ കൃഷി ചെയ്തിട്ടുണ്ട്. കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉച്ചഭക്ഷണത്തിന് കറിയായി ചായമൻസ ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകനായ പി.യു വിത്സൺ പറഞ്ഞു. വേവിച്ച് മാത്രം ഉപയോഗിക്കാവുന്ന ഈ ചെടിയുടെ ഇല വിവിധ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആമസോൺ കാടുകളിലെ ഗോത്ര വർഗക്കാരുടെ ആരോഗ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ചായമൻസയെന്ന് പറയുന്നുണ്ട്. 70 ൽ പരം ഭക്ഷ്യയോഗ്യമായ നാടൻ ഇല വർഗങ്ങളിൽ ചായമൻസക്ക് പ്രധാന സ്ഥാനം ഉണ്ടെങ്കിലും പ്രചാരം കുറവാണ്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവയ്ക്ക് ചായമൻസ നല്ലതാണെന്ന് കണ്ടതിനാലാണ് നാട്ടിൻപ്രദേശങ്ങളിൽ ചായമൻസയ്ക്ക് പ്രചാരം കൂടാൻ ഇടയാക്കുന്നതെന്നും അറിയുന്നു.. . .