ചാവക്കാട്: ഗതാഗത നിയന്ത്രണം മൂലം ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് സേവ് എൻ.എച്ച് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യാത്രാ സൗകര്യം ഒരുക്കി. ചാവക്കാട് ചേറ്റുവ എൻ.എച്ച് 66 റോഡിൽ മുട്ടിപ്പാലം പുനർനിർമാണത്തിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ മൂന്നാംകല്ല് മുതൽ മുട്ടിപ്പാലം വരെ യാത്രക്കാരെ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റോഡ് നിർമ്മാണത്തിന് ഗതാഗത നിയന്ത്രണമടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ സേവ് എൻ.എച്ച് പ്രവർത്തകരുണ്ടായിരുന്നു.
മാസങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ ജനകീയ സംരക്ഷണ സമിതി സംഘടിപ്പിച്ചിരുന്നു. ഏകദേശം 15 ദിവസത്തോളം മുട്ടിപ്പാലം പുനർനിർമാണം മൂലം യാത്രാസൗകര്യം ഇല്ലാതാകുന്നതിനാൽ ടെമ്പോ ട്രാവലർ അടക്കമുള്ള വാഹനങ്ങൾക്ക് താത്കാലിക പെർമിറ്റ് അനുവദിക്കണമെന്ന് ഇന്നലെ ചേർന്ന സേവ് എൻ.എച്ച് ജനകീയ സംരക്ഷണ സമിതി യോഗം ഗുരുവായൂർ ആർ.ടി.ഒ അധികൃരോട് ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റിനും ആർ.ടി.ഒയ്ക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. മുട്ടിപ്പാലം പുനർനിർമാണം ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി റോഡ് പുനർനിർമാണ വിഷയം ഉന്നയിച്ച് സമരരംഗത്തിറങ്ങിയ സേവ് എൻ.എച്ച് ജനകീയ സംരക്ഷണ സമിതിക്ക് പൂർണ പിന്തുണ നൽകിയ എല്ലാർക്കും സംഘടന നന്ദി രേഖപ്പെടുത്തി.
യോഗത്തിൽ ചെയർമാൻ ഷറഫുദ്ദീൻ മുനക്കകടവ് അദ്ധ്യക്ഷനായി. മുഖ്യ രക്ഷാധികാരി നൗഷാദ് തെക്കുംപുറം യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ വി.പി. സുബൈർ, പഞ്ചായത്ത് അംഗം വി. ഹംസക്കുട്ടി, എ.സി. ഷിഹാബ്, വി.യു. ഹുസൈൻ, പി.എം. താഹിർ, കെ.വി. ഹംസ, പി.കെ. മുഹമ്മദ് ഇഖ്ബാൽ, ഷെഹി മോൻ, ഖലീൽ സമാൻ, ഹുസൈൻ തങ്ങൾ, പി.കെ. കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
സമരസമിതി യോഗത്തിൽ
യാത്രാസൗകര്യം ഒരുക്കാൻ ടെമ്പോ ട്രാവലറിനും മറ്റും പെർമിറ്റ് അനുവദിക്കണമെന്ന്
മുട്ടിപ്പാലം പുനർനിർമ്മാണം ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണം
നിർമ്മാണം മൂലം 15 ദിവസത്തോളം മൂന്നാംകല്ല് - മുട്ടിപ്പാലം റോഡിൽ ഗതാഗതം മുടങ്ങും
രാഷ്ട്രീയത്തിന് അതീതമായി സമരത്തിന് ഇറങ്ങിയവർക്ക് സമരസമിതിയുടെ നന്ദിസമർപ്പണം