ഗുരുവായൂർ: പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പാർത്ഥസാരഥി ക്ഷേത്ര വിമോചന സമിതിയുടെ നേതൃത്വത്തിൽ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര നടത്തി. പടിഞ്ഞാറെ നടയിൽ നിന്നുമാണ് അമ്പതോളം സ്ത്രീകളടക്കം നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന നാമജപ ഘോഷയാത്ര ആരംഭിച്ചത്. പാർത്ഥ സാരഥി ക്ഷേത്രത്തിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ ബാരിക്കേഡ് വെച്ച് പൊലീസ് നാമജപയാത്ര തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പാർത്ഥസാരഥി വിമോചന സമിതി ചെയർമാൻ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. 2017 നവംബർ ഏഴിനാണ് പാർത്ഥസാരഥി ക്ഷേത്രം പൊലീസിന്റെ സംരക്ഷണത്തോടെ മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തത്. ഗുരുവായൂർ അസി.പൊലീസ് കമ്മിഷണർ പി.എ ശിവദാസൻ, തൃശൂർ ഇന്റലിജൻസ് അസി. കമ്മിഷണർ പി. വാഹിദ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലും പരിസരത്തും സുരക്ഷയൊരുക്കിയിരുന്നു. ക്ഷേത്രത്തിനകത്തും ഇന്നലെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.. . .