കുന്നംകുളം: കഴിഞ്ഞ ദിവസം അകതിയൂർ സ്വദേശി വിമൽ മരിച്ചതിന് കാരണം ഗവ. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അനാസ്ഥയുമാണെന്ന് ആരോപിച്ച് യുവമോർച്ച താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് വിമൽ മരിച്ചതെന്ന വീട്ടുകാരുടെ ആരോപണത്തെ തുടർന്നാണ് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചത്.
കഴിഞ്ഞ ശനിയാഴ്ച സൈക്കിളിൽ നിന്നും വീണതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടിയ വിമലിനെ രണ്ടു പ്രധാന ഡോക്ടർമാരാണ് രണ്ടു ദിവസങ്ങളായി ചികിത്സ നടത്തിയത്. രണ്ട് ദിവസവും പരിശോധന നടത്തിയിട്ടും പ്രതിരോധത്തിന് ആവശ്യമായ ഒന്നും തന്നെ വിമലിനു നൽകിയില്ല. അത്യാസന്ന ഘട്ടത്തിൽ ഓക്‌സിജൻ വരെ നൽകാതിരുന്നതാണ് മരണകാരണമെന്നാണ് ആരോപണം.
താലൂക്ക് തലത്തിൽ ഉയർത്തിയ ഹോസ്പിറ്റലിൽ മാസങ്ങളായി സ്‌കാനിംഗ് വിഭാഗം പ്രവർത്തിക്കുന്നില്ല. വേറെ സംവിധാനമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യത്തിൽ ഹോസ്പിറ്റലിലെ ആംബുലൻസിന്റെ ഡ്രൈവറുടെ അഭാവവും വിനയായെന്ന് യുവമോർച്ച ആരോപിച്ചു. ഉപരോധ സമരം ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പാക്കത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പ്രസിഡന്റ് ബിജീഷ് അദ്ധ്യക്ഷനായി. കുന്നംകുളം പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു.