കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ 66 കെ.വി സബ്സ്റ്റേഷനിലേക്കുള്ള 66 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ 7 വരെ രാവിലെയും വൈകിട്ടും ഇവിടെ നിന്നുള്ള എല്ലാ (കൊടുങ്ങല്ലൂർ, അഴീക്കോട്, പറവൂർ, മതിലകം, പൊയ്യ, എടവിലങ്ങ്, കോണത്തുകുന്ന്) 11 കെ.വി. ഫീഡറുകളിലും വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും. കൊടുങ്ങല്ലൂർ 66 കെവി സബ്സ്റ്റേഷൻ സ്ഥാപിതശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി 110 കെ.വി സബ്സ്റ്റേഷനിൽ നിന്ന് കൊടുങ്ങല്ലൂർ സബ്സ്റ്റേഷനിലേക്കുള്ള 66 കെ.വി ഇരട്ട സർക്യൂട്ട് ലൈനിലെ ടവറുകളുടെ ശേഷി ഉയർത്തുന്നതിനായുള്ള പ്രവൃത്തികളാണ് ഈ ദിവസങ്ങളിൽ നടക്കുക. ഇതിനായി കൊടുങ്ങല്ലൂർ 66 കെവി സബ്സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണ നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. ഇതിനാൽ ഇവിടെ നിന്നുള്ള വൈദ്യുതിവിതരണം നാളെ മുതൽ ഡിസംബർ ഏഴ് വരെ പകൽസമയങ്ങളിൽ നിറുത്തിവയ്ക്കും. ഈ സമയത്ത് കൊടുങ്ങല്ലൂർ മേഖലയിലേക്ക് സമീപത്തുള്ള സ്റ്റേഷനുകളിൽ നിന്നായിരിക്കും വൈദ്യുതിവിതരണം നടക്കുക. വൈദ്യുതി ബോർഡിന്റെ സേവനം ഈ മേഖലയിൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പ്രവൃത്തികൾ ഉപകരിക്കുമെന്നത് കൊണ്ട് ഈ ദിവസങ്ങളിൽ കെ.എസ്.ഇ.ബിയോട് പരമാവധി സഹകരിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അഭ്യർത്ഥിച്ചു. . .