 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തിന് ചാലക്കുടിയിൽ

 രാജ്യത്തെ 22ഓളം പ്രമുഖ ഗൃഹോപകരണ ഫർണിച്ചർ നിർമ്മാതാക്കൾ പദ്ധതിയുമായി സഹകരിക്കും

തൃശൂർ: പ്രളയദുരന്തത്തിൽപ്പെട്ട കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. റീസർജന്റ് കേരള ലോൺ സ്‌കീം പ്രകാരം വായ്പ ലഭിച്ച കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് നിലവിലുള്ള മാർക്കറ്റ് വിലയിൽ നിന്നും അമ്പത് ശതമാനം വരെ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിലക്കിഴിവ് നൽകാൻ താത്പര്യം പ്രകടിപ്പിച്ച ബ്രാൻഡഡ് കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പത്തിന് ചാലക്കുടിയിൽ നടക്കും. വായ്പ ലഭിച്ചവരാണ് ഗൃഹോപകരണങ്ങൾ വാങ്ങാനെത്തുന്നതെന്ന് ഉറപ്പാക്കാൻ കുടുംബശ്രീ പർച്ചേസ് കാർഡ് നൽകും.

ഹോളോഗ്രാം പതിച്ച് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, സി.ഡി.എസ് ചെയർപേഴ്‌സൺ എന്നിവർ സാക്ഷ്യപ്പെടുത്തിയതായിരിക്കും കാർഡ്. അംഗത്തിന്റെ ഫോട്ടോ, പേര്, അയൽക്കൂട്ടത്തെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയൽ കാർഡ് നമ്പർ, അനുവദിച്ച വായ്പാ തുക എന്നിവ കാർഡിൽ രേഖപ്പെടുത്തും. കമ്പനികൾ മുൻകൂട്ടി അറിയിച്ച ഡിസ്‌കൗണ്ട് നിരക്കിലാണ് ഇവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാൻ കുടുംബശ്രീ ബ്രോഷർ പുറത്തിറക്കും. ഉത്പന്നങ്ങളുടെ ഇനം, മോഡൽ, കമ്പനിയുടെ പേര്, അനുവദിച്ച ഡിസ്‌കൗണ്ട്, ഡീലർമാരുടെയും അംഗീകൃത സ്ഥാപനങ്ങളുടെയും ജില്ല തിരിച്ചുളള വിവരങ്ങൾ എന്നിവ ബ്രോഷറിൽ രേഖപ്പെടുത്തും. തെരഞ്ഞെടുക്കപ്പെട്ട കടകളുടെ പേരുകൾ ബ്രോഷറിൽ രേഖപ്പെടുത്തും. ഇവിടെ നിന്നു മാത്രമേ സാധനങ്ങൾ വാങ്ങാനാകൂ.


 വായ്പാ തുക ഉപയോഗിച്ചുവെന്ന് ഉറപ്പാക്കും

വായ്പ ലഭ്യമായവർ വാങ്ങുന്ന സാധനങ്ങളുടെ പട്ടിക അതത് സ്ഥാപനങ്ങൾ മുഖേന രേഖപ്പെടുത്തും. കുടുംബശ്രീ സി.ഡി.എസുകൾ മുഖേന ഈ വിവരങ്ങൾ സംസ്ഥാന മിഷനിൽ സമർപ്പിക്കും. അയൽക്കൂട്ട അംഗങ്ങൾക്ക് ലഭ്യമായ വായ്പാ തുക പദ്ധതി പ്രകാരം വിനിയോഗിച്ചു എന്നുറപ്പ് വരുത്താനാണിത്.


ആവശ്യക്കാർ കൂടുതൽ ഇവയ്ക്ക്

ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, ടി.വി, മിക്‌സി, വാഷിംഗ് മെഷീൻ, കുക്കർ, ഫാൻ, കട്ടിൽ, അലമാര, കസേര, മേശ, ബെഡ്, മോട്ടോർ, വാട്ടർ ടാങ്ക്, ഗ്രൈൻഡർ, തേപ്പുപെട്ടി, തയ്യൽ മെഷീൻ, എമർജൻസി ലൈറ്റ്

ജില്ലയിൽ ഇതുവരെ വിതരണം ചെയ്ത വായ്പാ തുക -52.8 കോടി

1,​101 അയൽക്കൂട്ടങ്ങളിലായി വായ്പ ലഭിച്ചത് - 6170 പേർക്ക്

വായ്പയ്ക്കായി ബാങ്കിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ- 21,​433

സംസ്ഥാനത്ത് കൂടുതൽ അയൽക്കൂട്ടങ്ങൾക്ക് ചുരുങ്ങിയ ദിവസത്തിനുള്ളിൽ വായ്പ നൽകാൻ കഴിഞ്ഞത് തൃശൂരിലാണ്. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഈ മാസം തന്നെ വായ്പ അനുവദിക്കും- കെ.വി. ജ്യോതിഷ് കുമാർ (കുടുംബശ്രീ മിഷൻ ജില്ലാ-ഓർഡിനേറ്റർ)