kanjani-karamuck-kudivell
കാരമുക്ക് കുടിവെള്ള പദ്ധതിക്കായി നിർമ്മിച്ച ടാങ്ക്.

കാഞ്ഞാണി: വർഷങ്ങളായി നോക്കുകുത്തിയായി കിടക്കുകയാണ് കാരമുക്കിലെ മാഞ്ചേരി അകായി കുടിവെള്ള പദ്ധതിക്കായുള്ള വാട്ടർ ടാങ്കും കിണറും. അഞ്ചു വർഷത്തിലേറെയായിട്ടും കമ്മിഷൻ ചെയ്യാനാകാത്ത പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. കാരമുക്ക് മാമ്പുള്ളി റോഡിലുള്ള കുടിവെള്ള പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്.

ആറ് വർഷത്തോളം മുൻപ് അന്നത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ കാലത്താണ് സ്വകാര്യ വ്യക്തികൾക്ക് നിർമ്മാണ ടെൻഡർ നൽകിയത്. അഞ്ച് ലക്ഷം രൂപയായിരുന്നു ടെൻഡർ തുക. നിലനിന്നിരുന്ന പഴയ വാട്ടർ ടാങ്കിനെ അറ്റകുറ്റപ്പണികൾ നടത്തി റോഡിലൂടെ പൈപ്പിട്ടു വെള്ളം എത്തിച്ചു നൽകുന്നതായിരുന്നു പദ്ധതി.

എന്നാൽ പണികൾ ഏറ്റെടുത്ത കരാറുകാരൻ കുറച്ചു ഭാഗങ്ങളിൽ പൈപ്പിട്ട് ടാങ്കിന്റെ ചുറ്റുമതിലിൽ അറ്റകുറ്റപ്പണി നടത്തുകയും ഒരു മോട്ടോർ കൊണ്ടുവന്ന് അയൽ വീട്ടിൽ വയ്ക്കുകയും ചെയ്തു. അതിനു ശേഷം കോൺട്രാക്ടർ സ്ഥലം വിട്ടെന്നാണ് പറയുന്നത്. ബ്ലോക്ക് പഞ്ചായത്ത് പല തവണ ഇയാൾക്ക് നോട്ടീസ് അയച്ചെങ്കിലും തിരിഞ്ഞുനോക്കാനോ ചെലവഴിച്ച തുക കൈപ്പറ്റാനോ എത്തിയില്ല.

പമ്പ് ഹൗസും പരിസരവും ഇപ്പോൾ കാടു പിടിച്ച നിലയിലാണ്. കിണറ്റിലാകെ പായൽ നിറഞ്ഞിട്ടുമുണ്ട്. മാമ്പുളളിയിലെ പട്ടികജാതി കോളനിക്കാർക്ക് ഉപകരിക്കുന്നതായിരുന്നു പദ്ധതി. പിന്നീട് വന്ന ഭരണസമിതി അഞ്ച് ലക്ഷം രൂപയ്ക്ക് വീണ്ടും ടെൻഡർ വച്ചു. തുടർന്ന് കോളനിയിലേക്ക് പൈപ്പിട്ട് ടാപ്പ് ഫിറ്റ് ചെയ്യുന്ന പണി നടത്തി.

കോളനിയിലെ വീടുകളിൽ മറ്റൊരു പൈപ്പ് വഴി കുടിവെള്ളം ഇപ്പോൾ ലഭിക്കുന്നുണ്ട്. കൂടാതെയാണ് ഈ പദ്ധതി. പൈപ്പിടലും പ്രവൃത്തികളും കഴിഞ്ഞെങ്കിലും പ്രതിസന്ധിയായി തുടരുന്നത് പുതിയ മോട്ടോർ ലഭിക്കുന്നതിനുള്ള കാലതാമസമാണെന്നാണ് അധികൃതർ പറയുന്നത്. കാലവർഷക്കെടുതിയിൽ എറണാകുളത്തെ മോട്ടോർ വിതരണ സ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടമാണ് മോട്ടോർ ലഭിക്കുന്നതിന് കാല താമസം നേരിട്ടത്.

 രണ്ടുമാസത്തിനകം കമ്മിഷൻ ചെയ്യും

നിലവിൽ 15 കുടുംബങ്ങൾക്കു വേണ്ടി ആരംഭിച്ച പദ്ധതി 25 കുടുംബങ്ങൾക്കു പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് രണ്ടു മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യും.

- ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

പണി വൈകി, പദ്ധതി പാളി

 ഇഴഞ്ഞുനീങ്ങുന്നത് കാരമുക്ക് മാമ്പുള്ളി റോഡിലെ കുടിവെള്ള പദ്ധതി

 നിർമ്മാണ ടെൻഡർ നൽകിയത് ആറുവർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത്

 ചെയ്ത ജോലിക്കുള്ള തുക പോലും ഈടാക്കാതെ ആദ്യകരാറുകാരൻ മുങ്ങി

 പദ്ധതി ഉപകരിക്കുക മാമ്പുള്ളിയിലെ പട്ടികജാതി കോളനിക്കാർക്ക്

 പൈപ്പിടലും പ്രവൃത്തിയും കഴിഞ്ഞു, ഇനി മോട്ടോർ സ്ഥാപിക്കണം

 മോട്ടോർ സ്ഥാപിക്കുന്നത് വൈകിയത് പ്രളയക്കെടുതി മൂലമെന്ന് റിപ്പോർട്ട്