തൃശൂർ : പ്രളയത്തിൽ 19 പേർ മരിക്കാനിടയായ കുറാഞ്ചേരിയിലെ സ്ഥിതിഗതികൾ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് വേണമെന്നും മണ്ണിടിച്ചിൽ ഭീഷണിയുള്ള കുതിരാൻ തുരങ്കത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സ്ഥിതി അതീവഗുരുതരമെന്നും പ്രദേശങ്ങൾ സന്ദർശിച്ച നിയമസഭ പരിസ്ഥിതി സമിതി. നിയമസഭ പരിസ്ഥിതി സമിതി വനം, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

പ്രളയക്കെടുതി മൂലം ജില്ലയിലുണ്ടായ പരിസ്ഥിതി നാശത്തെപ്പറ്റി 21 ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എ അറിയിച്ചു. എം.എൽ.എമാരായ അനിൽ അക്കര, കെ. ബാബു, കെ.വി വിജയദാസ്, എം. വിൻസെന്റ് തുടങ്ങിയ പരിസ്ഥിതി സമിതി അംഗങ്ങളാണ് ജില്ലയിലെത്തിയത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബി.ഡി ദേവസി എം.എൽ.എ, ജില്ലാ കളക്ടർ ടി.വി അനുപമ, സബ് കളക്ടർ ഡോ. രേണുരാജ്, വിവിധ വകുപ്പുമേധാവികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്നതിനു ശേഷമാണ് അംഗങ്ങൾ രണ്ടിടത്തും സന്ദർശനം നടത്തിയത്.

കുറാഞ്ചേരിയിൽ ബാംബൂവും രാമച്ചവും നട്ടു പിടിപ്പിക്കണം


കുറാഞ്ചേരിയിൽ മണ്ണിന് കനമുണ്ട്. ക്ലേയുള്ള മണ്ണും മട്ടിപ്പാറയുമുണ്ട്. മേഖലയെ ഉരുൾപ്പൊട്ടലിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി കുന്നിൻ മുകളിലും വനപ്രദേശങ്ങളിലും 1,​000 ബാംബൂ, രാമച്ചം എന്നിവ അടുത്ത മൺസൂൺ കാലത്ത് വച്ചുപിടിപ്പിക്കണമെന്ന് സമിതിക്ക് ഒപ്പമുണ്ടായിരുന്ന സീനിയർ ജിയോളജിസ്റ്റ് എം. രാഘവൻ, ഹൈഡ്രോ ജിയോളജിസ്റ്റ് സന്തോഷ്, തൃശൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഡോ. പട്ടീൽ സുയോഗ് സുഭാഷ് റാവു എന്നിവരോട് നിർദ്ദേശിച്ചു.

കുതിരാനിൽ ഇനിയും മണ്ണിടിച്ചിലിന് സാദ്ധ്യത


കുതിരാനിൽ തുരങ്കത്തിന് സമീപവും പരിസര പ്രദേശങ്ങളിലും വീണ്ടും മണ്ണിടിയാനുള്ള സാദ്ധ്യത കൂടുതലായതിനാൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് പരിസ്ഥിതി സമിതി വിലയിരുത്തി. പ്രളയത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം താറുമാറായ തുരങ്കത്തിന്റെ കിഴക്കുഭാഗത്തായി ഇനിയും മണ്ണിടിയാനുള്ള അപകടകരമായ അവസ്ഥയുണ്ട്. തുരങ്കത്തിന് മുകളിൽ നിൽക്കുന്ന കട്ടിയില്ലാത്ത മണ്ണ് ഉടൻ മാറ്റണം. ഇവിടത്തെ മണ്ണിന്റെ ഘടന പരിശോധിച്ച് മണ്ണെത്ര, മണലെത്ര, ചെളിയെത്ര എന്നുള്ള കണക്കുകൾ സമർപ്പിക്കണമെന്നും മൈനിംഗ് ജിയോളജി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ടി.വി അനുപമയും നിയമസഭ പരിസ്ഥിതി സമിതിയോടൊപ്പമുണ്ടായിരുന്നു.

ജലസ്രോതസുകളുടെ കൈയേറ്റം തടയണം


പുഴയടക്കമുള്ള ജലസ്രോതസുകളുടെ കൈയേറ്റം തടയണമെന്ന് നിയമസഭ പരിസ്ഥിതി സമിതി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുണ്ടായ പരിസ്ഥിതി നാശനഷ്ടങ്ങളെ ശാസ്ത്രീയമായി പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് സമിതി കളക്ടറേറ്റിൽ യോഗം ചേർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുഴയടക്കം കുളം, തോട്, കനാൽ എന്നിവ കൈയേറുന്ന പ്രവണത കണ്ടുവരുന്നുണ്ട്. പുഴയടക്കമുള്ള ജലസ്രോതസുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മദ്യക്കുപ്പി അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലസ്രോതസുകളിൽ നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കണം.. . .