trikkur
പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍ നിര്‍വഹിക്കുന്നു

പുതുക്കാട്: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തൃക്കൂർ സർവോദയ സ്‌കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനത്തിലും ജിവിതത്തിലും എ പ്ലസ് ലഭ്യമാക്കാനുള്ള പ്രയത്‌നത്തിലാണ് അധികൃതർ. കോഴിക്കോട് സ്വദേശിയായ പ്രധാന അദ്ധ്യാപകൻ രാജീവൻ അസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ മികച്ച ഗുണം ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ് പഞ്ചായത്ത് അധികൃതരും സ്‌കൂൾ പി.ടി.എ, സ്‌കൂൾ ഡെവലപ്പ്‌മെന്റ് കമ്മറ്റിയും.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ്തല സബ് സെന്ററുകൾ എന്ന അയൽപ്പക്ക പഠന കേന്ദ്രം ആരംഭിച്ച് അതതു വാർഡിൽ നിന്നുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ ഒരുദിവസം വീതം പാഠപുസ്തകത്തെയും ഇതര വിഷയങ്ങളെയും സംബന്ധിക്കുന്ന ക്ലാസുകൾ നൽകും. അതത് പ്രദേശങ്ങളിലുള്ള മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, പൊതുപ്രവർത്തകർ, കലാസാംസ്‌കാരിക രംഗത്തുള്ളവർ എന്നിവരുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

പഠനത്തോടൊപ്പം സാംസ്‌കാരികവും കലാകായിക മേഖലയിലെ കഴിവുകളും വളർത്തുകയും ഉത്തമപൗരന്മാരാക്കി തീർക്കുകയുമാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്ക് കുടുതൽ ഭൗതിക സാഹചര്യങ്ങൾ ലഭ്യമാക്കാൻ സമൂഹത്തിലെ മുഴുവൻ പേരുടെയും പിന്തുണയും ഇതോടെ ലഭ്യമാകും. എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾ തന്നെ ക്ലാസെടുക്കുന്ന രീതിയും ഇവിടെ നടക്കുന്നു. തിരഞ്ഞെടുത്ത പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം ഇതിനായി നൽകും. ഇവർ മറ്റ് വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരാകും. അദ്ധ്യാപകരാവുന്നവരുടെ നിലവാരം ഉയരുന്നതോടൊപ്പം മറ്റു വിദ്യാർത്ഥികൾക്കും ആത്മവിശ്വാസം വർദ്ധിക്കുമെന്നാന്ന് ഇതുവരെയുള്ള ഇവിടത്തെ അനുഭവമെന്ന് പ്രധാന അദ്ധ്യാപകൻ സാക്ഷ്യപെടുത്തുന്നു.

സ്‌കൂളിൽ ഇപ്പോൾ തന്നെ പഠന സമയം ഒരു മണിക്കർ വർദ്ധിപ്പിച്ചു. നവംബർ അവസാനത്തോടെ പത്താം ക്ലാസുകാരുടെ സിലബസ് അനുസരിച്ചുള്ള പാഠങ്ങൾ പൂർത്തീകരിക്കും. പിന്നെ റിവിഷൻ, മോഡൽ ടെസ്റ്റ് എന്നിവ നടത്തും. ഗ്രൂപ്പ് സ്റ്റഡി, മോട്ടിവേഷൻ ക്ലാസുകൾ, ഹൃഹസന്ദർശനം, നിശാ ക്ലാസ് എന്നിവയും നടത്തുന്നുണ്ട്. അയൽപക്ക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടൻ നിർവ്വഹിച്ചു. അംഗം പ്രിയചന്ദ്രൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.സി. സന്തോഷ്, അംഗം എം.എം. അജിത്ത്, എസ്.എം.സി ചെയർമാൻ കെ.എം. ചന്ദ്രൻ , പി.ടി എ പ്രസിഡന്റ് കെ.എം. ബിജു, കുടുംബശ്രീ ചെയർപേഴ്‌സൻ ഐവി തോമസ്, സി.ഡി.എസ് അമൃത സുനിൽ, കെ ആർ. പ്രദീപ്, പ്രധാന അദ്ധ്യാപകൻ രാജിവൻ തുടങ്ങിയവർ സംസാരിച്ചു.