മാള : നവകേരള നിർമ്മിതിയിൽ നാളികേരത്തിന്റെ വിപണി, വിജയ സാദ്ധ്യതകൾ വിളംബരം ചെയ്യുന്ന തെങ്ങിന്റെ നിറവുത്സവം അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളിൽ വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രാചീന കാർഷിക - നാട്ടറിവുപകരണങ്ങളുടെ വൈവിദ്ധ്യം സാക്ഷ്യപ്പെടുത്തുന്ന പ്രദർശനവും നടത്തി. മാള പഞ്ചായത്ത് പ്രസിഡന്റ് പി. കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി വി.കെ ശ്രീധരൻ പദ്ധതി വിശദീകരണം നടത്തി. രാധ ഭാസ്‌കരൻ, സി. ബി അജിത്കുമാർ, സി. രഞ്ജിത്ത്, കവിത സുഭാഷ്, കെ. മധു മാസ്റ്റർ എന്നിവർ സംസാരിച്ചു. ശാസ്ത്ര മേളയിൽ സമ്മാനാർഹമായ തെങ്ങിൻ തോപ്പിലെ ഇടവിളകൾ മണ്ണ് സംരക്ഷണത്തിനും, വിളവർദ്ധനവിനും എന്ന പദ്ധതി ഐഷ ജന്നത്തും ധീരജും ചേർന്ന് അവതരിപ്പിച്ചു. കൃഷിയും കൈവേലയും എന്ന വിഷയത്തിൽ ഡോ കെ. പി ദിലീപും , കൃഷിയും ആരോഗ്യവും എന്ന വിഷയത്തിൽ അഡ്വ. ടി. എ ചന്ദ്രഹാസനും ക്ലാസ് നയിച്ചു. തെങ്ങുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, കുരുത്തോല കൈവേലകൾ, പാട്ടുകൾ, കളികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനം വ്യത്യസ്തമായ അനുഭവം പകർന്നു. 34തരം കേരവിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്കായി നടത്തിയ തേങ്ങ പൊതിക്കൽ മത്സരത്തിൽ അമൽ പി. എസും ചൂല് വാർന്നെടുക്കൽ മത്സരത്തിൽ ദേവിക സി. വിയും ഒന്നാം സ്ഥാനം നേടി. മുതിർന്നവർക്കായി ഓലമെടയൽ മത്സരവും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് പി. ലേഖ സ്വാഗതവും കൺവീനർ യു. എസ് ജയലക്ഷ്മി നന്ദിയും പറഞ്ഞു.