pinarayi

 കോൺഗ്രസ്, ബി.ജെ.പി യാത്രകൾ എവിടെ ഒന്നിക്കുമെന്നേ അറിയാനുള്ളൂ

തൃശൂർ: ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച രാഹുൽഗാന്ധിയുടെ നിലപാട് വ്യക്തിപരമാണെന്ന് പറഞ്ഞ് തള്ളിയ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അവരുടെ നേതാവ് അമിത്ഷാ ആണെന്ന് പറഞ്ഞു വയ്ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നത്തെ ചൊല്ലി കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും യാത്രകൾ എവിടെ ഒന്നാകുമെന്ന് മാത്രമേ ഇനി കാണേണ്ടതുള്ളൂവെന്ന് അദ്ദേഹം പരിഹസിച്ചു.

ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. കോൺഗ്രസിന് അധഃപതനം സംഭവിച്ചിരിക്കുന്നു. ആർജ്ജവമുണ്ടെങ്കിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസിലെ ഒരാളെങ്കിലും മറുപടി പറയുമായിരുന്നു. കോൺഗ്രസിലെ ജാഥ നയിക്കുന്നവരുടെ കാര്യവും രസകരമാണ്. ഒരാൾ ബി.ജെ.പി വരെ എത്തിയിട്ട് വന്നയാളാണ്. കേരളത്തിന്റെ മതനിരപേക്ഷ കേന്ദ്രം കൂടിയാണ് ശബരിമല. ഇതിനെ തകർക്കുന്നത് ആർ.എസ്.എസ് ആണ്. ആളെ കൊല്ലാൻ വരെ പ്രത്യേക പരിശീലനം നേടിയ ക്രിമിനൽ സംഘത്തെയാണ് ആർ.എസ്.എസ് ശബരിമലയിൽ എത്തിച്ചത്. പൊലീസിനെയും മാദ്ധ്യമങ്ങളെയും അവർ ആക്രമിച്ചു. പൊലീസ് അനിതര സാധാരണമായ സമചിത്തതയാണ് അവിടെ പാലിച്ചത്. ശബരിമലയിലെ ശാന്തിയും സമാധാനവും തകർത്ത് കലാപഭൂമിയാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. കേരളത്തെ നവോത്ഥാനത്തിന്റെ വെളിച്ചം കളഞ്ഞ് അന്ധകാരത്തിലേക്ക് തള്ളിവിടാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്

വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ കാണുന്ന ഭരണഘടനയാണ് നമ്മുടേത്. വിശ്വാസികളെ എൽ.ഡി.എഫിൽ നിന്നും അകറ്റി നിറുത്താനുള്ള ശ്രമങ്ങൾ നടക്കില്ല. പുനഃപരിശോധനാ ഹർജി നൽകാത്തത് പറഞ്ഞ വാക്കിന് വിലയുള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.