ഗുരുവായൂർ: നവോത്ഥാന നായകന്മാർ കൊളുത്തിയ വെളിച്ചം തല്ലിക്കെടുത്താനാണ് ഇന്ന് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ക്ഷേത്ര പ്രവേശന സ്മാരകവും ഗുരുവായൂർ ദേവസ്വത്തിന്റെ സി.സി.ടി.വി കാമറകളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും പൊയ്കയിൽ അപ്പച്ചനുമുൾപ്പെടെയുള്ള നവോത്ഥാന നായകന്മാർ ഏറെ പണിപ്പെട്ട് ദുരാചാരങ്ങളെ തുടച്ച് നീക്കിയാണ് പുതിയ കേരളത്തെ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എത്രയോ ചട്ടങ്ങളെയും ആചാരങ്ങളെയും മാറ്റിയാണ് സമൂഹം മുന്നോട്ട് പോയത്. നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ കണ്ണിയാണ് ഗുരുവായൂർ സത്യാഗ്രഹം. കാലോചിതമായി ആചാരങ്ങൾ മാറ്റാനും പരിഷ്‌കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു എന്നത് മറക്കരുത്. അനാചാരങ്ങൾ മാറ്റാനുളള ഊർജ്ജമായിരുന്നു അവർക്ക് വിശ്വാസം. ഋതുമതിയായ സ്ത്രീക്കും ചുടല കാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമ കീർത്തനത്തിൽ എഴുത്തച്ഛൻ പറയുന്നത്. ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ ദൈവം അത്രത്തോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനുമെന്ന് എഴുതിയ എഴുത്തച്ഛൻ എത്ര പുരോഗമന പരമായാണ് കാര്യങ്ങളെ കണ്ടത്. അതിനെ തിരുത്താൻ ശ്രമിക്കുന്നത് ശരിയല്ല. അനാചാരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം എന്ന് നാം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാലത്ത് കോൺഗ്രസ് നേതൃത്വം കൈകൊണ്ട നിലപാട് ഇപ്പോൾ കൈക്കൊള്ളാൻ വർത്തമാനകാലത്തെ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. നവോത്ഥാനത്തിന്റെ ഭാഗമായി നമ്മുടെ നാട് ഏറെ മുന്നോട്ട് പോയെങ്കിലും ഒരു കൂട്ടർ എത്രത്തോളം പുറകോട്ട് പോയി എന്നത് കൂടി നാം ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.എൻ ജയദേവൻ എം.പി, എം.എൽ.എമാരായ മുരളി പെരുനെല്ലി, ഗീതാഗോപി, ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. പി. കെ ശാന്തകുമാരി, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ. ബി മോഹൻദാസ്, ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ. പി വിനോദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ സംസാരിച്ചു. . . .