ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ അന്താരാഷ്ട്ര നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. കലാമണ്ഡലത്തെ സമ്പൂർണ സർവകലാശാലയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും കേരളത്തിന്റെ പേരും പെരുമയും ലോക രാഷ്ട്രങ്ങളിലെത്തിച്ച സ്ഥാപനം കലാമണ്ഡലമായിരുന്നെന്നും മന്ത്രി. കലാമണ്ഡലം വാർഷികത്തോട് അനുബന്ധിച്ച് കൂത്തമ്പലത്തിൽ നടന്ന മുകുന്ദരാജ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി എ.കെ.ബാലൻ.
കലാമണ്ഡലത്തിൽ അച്ചടക്കം പരമപ്രധാനമാണ്. കലാമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ ബഡ്ജറ്റിൽ 19.15 കോടി രൂപ നീക്കിവച്ചത്. അഞ്ചു കോടി രൂപ ചെലവഴിച്ച് പരീക്ഷാ കേന്ദ്രവും നവീകരിച്ച ലൈബ്രറിയും ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഭോജന ശാലയുടെയും കളരികളുടെയും ഉദ്ഘാടനവും എൻഡോവ്‌മെന്റ് വിതരണം, ഛായാചിത്ര അനാച്ഛാദനം എന്നിവയും മന്ത്രി നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ വിതരണം ചെയ്തു. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുകുന്ദരാജാ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.എസ് നമ്പൂതിരി കിള്ളിമംഗലം വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.
എസ്. ശ്രീനിവാസൻ, കലാമണ്ഡലം ലീലാമണി, എം.പി.എസ്. നമ്പൂതിരി, അമ്മന്നൂർ രജനീഷ് ചാക്യാർ, വി.സി. നാരായണൻ, കലാമണ്ഡലം ഗീതാനന്ദൻ (മരണാനന്തര ബഹുമതി), കലാമണ്ഡലം ശ്രീനാഥ്, കലാമണ്ഡലം നീരജ് എന്നിവർ എൻഡോവ്‌മെന്റുകൾ ഏറ്റുവാങ്ങി. ഭരണ സമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമ പ്രകാശ്, ടി.കെ. വാസു, വള്ളത്തോൾ വാസന്തി മേനോൻ, കലാമണ്ഡലം പ്രഭാകരൻ, മാത്തൂർ ഗോവിന്ദൻ കുട്ടി, സി. ജയചന്ദ്രൻ, പഞ്ചമി തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചാക്യാർകൂത്ത്, തുള്ളൽ മോഹിനിയാട്ടം എന്നിവയും അരങ്ങേറി.