തൃശൂർ: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലയിലെ സ്‌കൂൾ ബസുകളിൽ ഇന്നു മുതൽ ജി.പി.എസ് യന്ത്രം ഘടിപ്പിച്ചു തുടങ്ങും. ജി.പി.എസ് മെഷീൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾക്കുമുള്ള ക്‌ളാസുകൾ ജില്ലയിൽ പൂർത്തിയായതോടെയാണിത്. സർക്കാർ അംഗീകരിച്ച 13 ജി.പി.എസ് നിർമ്മാണ കമ്പനികളാണ് ജില്ലയിലെയും വിതരണക്കാർ. 31നുള്ളിൽ മുഴുവൻ സ്‌കൂൾ ബസുകളിലും ജി.പി.എസ് യന്ത്രം ഉറപ്പുവരുത്തുകയാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം.
ആവശ്യത്തിന് വിതരണക്കാരില്ലാത്തതും മതിയായ സർവീസ് ലഭിക്കാത്തതുമായിരുന്നു വേഗപ്പൂട്ട് നിർബന്ധമാക്കിയപ്പോഴുണ്ടായ പ്രതിസന്ധി. ഇത്തരമൊരു അവസ്ഥ മറികടക്കാനാണ് തുടക്കം മുതൽ കൂടുതൽ ജി.പി.എസ് യന്ത്ര നിർമ്മാതാക്കാളുടെ പട്ടിക സർക്കാർ തയ്യാറാക്കിയത്. പതിനായിരം രൂപയിൽ താഴെയാണ് ഒരു യന്ത്രത്തിന്റെ വില. സ്‌കൂൾ പ്രതിനിധികൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് വിലപേശി യന്ത്രം വാങ്ങാനുള്ള സൗകര്യമുണ്ട്.
വാഹനങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്രികൃത സംവിധാനം തിരുവനന്തപുരം വഴുതക്കാട്ടുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിലാണ്. തൃശൂരിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഓഫീസിലാണ് ജില്ലാതല കൺട്രോൾ റൂം. മോട്ടോർ വാഹന വകുപ്പ് വികസിപ്പിച്ചെടുത്ത സോഫ്റ്റുവെയറിലൂടെ ഉദ്യോഗസ്ഥർക്ക് എവിടെവച്ചും എതുസമയത്തും യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് വാഹനങ്ങളുടെ സ്ഥിതി വിവരം അറിയാനാകും.
യന്ത്രം ഘടിപ്പിച്ച സ്‌കൂൾ ബസുകളിൽ നിന്ന് കൺട്രോൾ റൂമിലേക്ക് സിഗ്നൽ ലഭിച്ചാൽ മാത്രമേ മോട്ടോർ വാഹന വകുപ്പിന്റെ ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കൂ.
വിവരങ്ങൾ രക്ഷിതാക്കൾക്കും
അപകടമുണ്ടായാൽ ജി.പി.എസിലെ സ്വയം നിയന്ത്രിത സംവിധാനം കൺട്രോൾ റൂമിൽ വിവരം നൽകും. അപകടസമയത്ത് എത്ര കുട്ടികൾ വാഹനത്തിലുണ്ടെന്നറിയാം. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പാനിക് ബട്ടൺ സംവിധാനവുമുണ്ട്. യന്ത്രത്തിൽ നിന്നുള്ള സന്ദേശം എസ്.എം.എസായി വകുപ്പ് ആസ്ഥാനത്തിനു പുറേമേ വാഹന സ്ഥാപന ഉടമകൾ, മോട്ടോർ വാഹനവകുപ്പ്, പൊലീസ് എന്നിവർക്കും ലഭിക്കും. രക്ഷിതാക്കൾക്കും ബസിന്റെ ഗതി നിരീക്ഷിക്കാനാകും.
രണ്ടാംഘട്ടത്തിൽ സ്വകാര്യ ബസുകളിലും
രണ്ടാംഘട്ടത്തിൽ സ്വകാര്യ ബസുകൾ, കോൺട്രാക്ട് വാഹനങ്ങൾ, ടാങ്കറുകൾ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങളിലും ജി.പി.എസ്. ഏർപ്പെടുത്തും. വാഹനങ്ങളുടെ അതിവേഗം, അപകട സാദ്ധ്യത, സംശയകരമായി നിറുത്തിയിടുന്നത് എന്നിവ ജി.പി.എസ് സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.
കരാറില്ല
മതിയായ സർവീസ് ലഭിക്കാത്തതായിരുന്നു വേഗപ്പൂട്ട് സംവിധാനം പാളാൻ കാരണം. ജി.പി.എസ് സംവിധാനത്തിലും സമാനമായ അവസ്ഥ ഉണ്ടാകുമോയെന്ന ആശങ്ക ഉദ്യോഗസ്ഥർക്കും ഉപയോക്താക്കൾക്കുമുണ്ട്. വിതരണക്കാരുമായി സർവീസ് ചെയ്യുന്നതു സംബന്ധിച്ച് ഇതുവരെ കരാർ ഉണ്ടാക്കിയിട്ടില്ലെന്നതാണ് കാരണം.
............................................................................
കുട്ടികളുടെ സുരക്ഷയോടൊപ്പം അപകടനിരക്കും കുറയ്ക്കാനാകും. നിർഭയ കേസിനു ശേഷമാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പ് ഇത്തരമൊരു സംവിധാനം മോട്ടോർ വാഹന നിയമത്തിൽ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയത്. ബി. ശ്രീപ്രകാശ് (ജോയിന്റ് ആർ.ടി.ഒ., തൃശൂർ)
ജി.പി.എസ്. യന്ത്രത്തിന്റെ വില 10000ത്തിൽ താഴെ
ജില്ലയിലെ സ്‌കൂൾ ബസുകൾ 2988