തൃപ്രയാർ: ദേശീയ പാത 66 ബൈപ്പാസ് അളവെടുപ്പിനിടെ വലപ്പാട് ആനവിഴുങ്ങിയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. അളവെടുപ്പ് തടസ്സപ്പെടുത്തിയ സ്ത്രീകളടക്കം 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിനിടെ 6 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് വലപ്പാട് ആനവിഴുങ്ങിയിൽ ബൈപ്പാസ് അളവെടുപ്പിന് റവന്യൂ ഉദ്യോഗസ്ഥരെത്തിയത്. ബൈപ്പാസിനെതിരെ ആനവിഴുങ്ങിയിൽ തുടർന്നു വരുന്ന നിരാഹാര സമരം 96 ദിവസം പിന്നിട്ടിരുന്നു. അതിനിടെയാണ് ഉദ്യോഗസ്ഥർ അളവെടുപ്പിനെത്തിയത്. പ്രതിഷേധം മുൻകൂട്ടി കണ്ട് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ഫേമസ് വർഗീസ്, സി.ഐമാരായ ടി.കെ ഷൈജു, പി.കെ. മനോജ്, വലപ്പാട് എസ്.ഐ: പി.ബി. അനൂപ് എന്നിവരുടെ നേത്യത്വത്തിൽ വനിതാ പൊലീസുകാർ ഉൾപ്പെടെ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അളവെടുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ഡിവൈ.എസ്.പി സമരക്കാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഒരു കാരണവശാലും അളവെടുപ്പിന് അനുവദിക്കുകയില്ലെന്നായതോടെ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ തർക്കവും സംഘർഷവുമായി. ആദ്യം പുരുഷൻമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതോടെ സ്ത്രീകൾ റോഡിൽ കൂട്ടമായി കിടന്ന് പ്രതിഷേധിച്ചു. വനിതാ എസ്.ഐമാരായ എം.ഡി. അന്ന, എസ്. ഉദയചന്ദ്രിക എന്നിവരുടെ നേത്യത്വത്തിൽ ഇവരെയും ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്.
ബലപ്രയോഗത്തിനിടെ 2 സ്ത്രീകളടക്കം 6 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കിഴക്കേപ്പാട്ട് ശാന്ത, വി.കെ. നിഷാദ്, മിഷോഹർഷ്, കണ്ണൻ, ദാസൻ പി.വി, കെ.വി ശാന്ത എന്നിവരെ പൊലീസ് തന്നെ വലപ്പാട് ആശുപത്രിയിലെത്തിച്ചു. നിഷാദിന്റെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ നീക്കം ചെയ്തതോടെ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ഐ. പാർവതി ദേവി, ലെയ്സൺ ഓഫീസർമാരായ എ.കെ. വാസുദേവൻ, പി.കെ. നളൻ എന്നിവരുടെ നേത്യത്വത്തിൽ ബൈപ്പാസ് അളവെടുപ്പ് തുടർന്നു.