തൃശൂർ: മാനദണ്ഡങ്ങൾ പാലിക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ കിലയിൽ മന്ത്രി കെ.ടി. ജലീൽ പത്തുപേരെ നിയമിച്ചെന്ന ആരോപണവുമായി അനിൽ അക്കര എം.എൽ.എ രംഗത്ത്. മന്ത്രിയുടെ താത്പര്യപ്രകാരം കിലയിൽ നിയമിച്ചവരിൽ അഭിമന്യു കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള എസ്.ഡി.പി.ഐ നേതാവുമുണ്ടെന്ന് എം.എൽ.എ ആരോപിച്ചു.
കിലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് തെറ്റായ മറുപടിയാണ് മന്ത്രി ജലീൽ നിയമസഭയിൽ നൽകിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് അവകാശ ലംഘനത്തിന് പരാതി നൽകിയിട്ടുണ്ട്.
കിലയിലെ നിയമനങ്ങൾ പി.എസ്.സി വഴി നടത്തണമെന്ന് മന്ത്രി കൂടി അംഗമായ കില നിർവാഹക സമിതി തീരുമാനമെടുത്തിരുന്നു. 90 ദിവസത്തിൽ കൂടുതൽ ദിവസം ജോലിയുള്ള നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന് സർക്കാർ ഉത്തരവുള്ളപ്പോഴാണ് സ്വന്തക്കാരെ തിരുകിക്കയറ്റിയത്. പരസ്യമോ കൂടിക്കാഴ്ചയോ നടത്താതെ അപേക്ഷ പോലും വാങ്ങാതെയാണ് നിയമിച്ചത്. പ്രദേശവാസികളാണ് ഇവരെന്നാണ് കില നൽകുന്ന വിശദീകരണം.
കില നിലനിൽക്കുന്ന മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പരിധിയിൽ വരാത്തവരും നിയമനം ലഭിച്ചവരിലുണ്ട്. കിലയിലെ നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി അയച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.