ഗുരുവായൂർ: തനിക്ക് ലഭിക്കുന്ന അർബുദ രോഗിയെന്ന നിലക്കുള്ള പെൻഷനും വാർധക്യ പെൻഷനും ചേർത്ത് 2100 രൂപ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പനക്കൽ ജോസിന് സുമനസുകളുടെ സഹായ ഹസ്തം. കീമോതെറാപ്പി കഴിഞ്ഞ് വില്ലേജ് ഓഫീസിലെത്തി ക്ഷേമ പെൻഷനുകളുടെ തുക ദുരിതാശ്വാസത്തിന് നൽകിയ ജോസിന്റെ കഥയറിഞ്ഞാണ് സുമനസുകളുടെ കാരുണ്യ പ്രവാഹം. ഒരു മാസത്തെ ചികിത്സക്ക് 19,000 രൂപയോളം ചെലവ് വരുമ്പോഴാണ് ജോസിന്റ വലിയ മനസിൽ നിന്ന് പ്രളയബാധിതർക്ക് സഹായം നൽകിയത്.
മക്കളില്ലാത്ത ജോസ് ഭാര്യ ക്ലാരക്കൊപ്പം ഗുരുവായൂർ നഗരസഭയിലെ 26ാം വാർഡിലാണ് താമസം. അഡാർ ലൗ എന്ന സിനിമയിലെ പാട്ടിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ റോഷൻ ഇരിങ്ങപ്പുറം ജോസിന്റെ വീട്ടിലെത്തി 20,000 രൂപ കൈമാറി. തന്റെ സിനിമ അടുത്ത മാസം റിലീസ് ചെയ്യുമ്പോൾ ആദ്യത്തെ ഷോക്ക് കൊണ്ടുപോകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. സിനിമയുടെ തിരക്കിൽ നിന്നെത്തിയാണ് റോഷൻ പണം നൽകിയത്. വാർഡ് കൗൺസിലർ അഭിലാഷ് വി. ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ജോയിന്റ് കൗൺസിൽ ചാവക്കാട് മേഖലാ കമ്മിറ്റി 19,000 രൂപയും സത്യ ഇൻ എം.ഡി. മിനി കരുമത്തിൽ 10,000 രൂപയും ഇരിങ്ങപ്പുറം നവയുഗം ക്ലബ് 5000 രൂപയും ജോസിന് നൽകും. ഹോമിയോ മുൻ ഡി.എം.ഒ സി.ബി. വത്സലൻ പ്രതിമാസ പെൻഷനായി 500 രൂപ വീതം ഒരു വർഷം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.