police
എ.ടി.എം സുരക്ഷ സംബന്ധിച്ച യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര സംസാരിക്കുന്നു

തൃശൂർ: വർദ്ധിക്കുന്ന എ.ടി.എം കവർച്ച തടയുകയെന്ന ലക്ഷ്യവുമായി ജില്ലയിലെ ബാങ്കുകളും പൊലീസും ചേർന്ന് സുരക്ഷാ പദ്ധതിയൊരുക്കുന്നു. ബാങ്കിലെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജനമൈത്രി കൂട്ടായ്മകളും പൊലീസും ഒരുമിച്ചാണ് വിവരങ്ങൾ കൈമാറി കവർച്ചക്കാരെ തടയുന്ന ഓപറേഷൻ അലാം പദ്ധതിക്ക് രൂപം നൽകിയത്. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലയിലെ 42 ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ലീഡ് ബാങ്ക് മാനേജർ കെ.ആർ. കനകാംബരൻ, എ.സി.പിമാരായ വി.കെ. രാജു, പി.എ. ശിവദാസൻ, ടി.എസ്. സിനോജ് എന്നിവർ സംസാരിച്ചു. രണ്ട് മാസത്തിനുള്ളിൽ ജില്ലയിൽ നാലിടങ്ങളിലാണ് എ.ടി.എം സെന്ററുകളിൽ കവർച്ചയും കവർച്ചാശ്രമവും നടന്നത്. ഇതേത്തുടർന്നാണ് എ.ടി.എം സെന്ററുകൾക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്.


 പ്രവർത്തനം ഇങ്ങനെ
ആദ്യഘട്ടത്തിൽ എല്ലാ എ.ടി.എമ്മുകളുടെയും സുരക്ഷാ പരിശോധനയും സി.സി.ടി.വി കാമറകളുടെ പ്രവർത്തനക്ഷമതയും വിലയിരുത്തും. സുരക്ഷാ ജീവനക്കാരില്ലാത്ത 500ലധികം എ.ടി.എം മെഷീനുകൾക്ക് സ്വയം സുരക്ഷാ അലാം നടപ്പിലാക്കുക വഴി എ.ടി.എം യന്ത്രം ഓപൺ ചെയ്യാനോ, നിലവിലുള്ള സി.സി.ടി.വി കാമറ തുണികൊണ്ട് മൂടാനോ, തകർക്കാനോ ശ്രമിച്ചാൽ ഉടൻ അലാറം പ്രവർത്തിക്കും. ഈ രീതിയിലേക്ക് ബാങ്കുകളുടെ സജ്ജീകരണം മാറ്റണമെന്ന് കമ്മിഷണർ നിർദ്ദേശിച്ചു. രണ്ടാം ഘട്ടത്തിൽ എ.ടി.എം കേന്ദ്രങ്ങളെ ലൈവ് കാമറ വഴി ബന്ധിപ്പിച്ച് ജില്ലാ പൊലീസ് കൺട്രോൾ റൂമിലും വിവരം ലഭ്യമാക്കുന്ന തരത്തിലേക്ക് പദ്ധതി വിപുലമാക്കും.

സുരക്ഷയിങ്ങനെ

 എ.ടി.എം സുരക്ഷാ വാതിലുകളും ഷട്ടറുകളും സ്വിച്ചുകളും സുരക്ഷയുടെ ഭാഗമായി പൂട്ടിയിടാനും ലോക്ക് ചെയ്തുവയ്ക്കാനും സംവിധാനമൊരുക്കും

 സെൻസറുകളും അത്യാധുനിക കാമറകളും വഴി കള്ളന്മാരുടെ മുഖം വ്യക്തമായി ഒപ്പിയെടുക്കാവുന്ന രീതിയിലേക്ക് കാമറകളെ സജ്ജീകരിക്കും

 വേഗത്തിൽ ആളെ തിരിച്ചറിയാൻ കഴിയും വിധം ചിത്രങ്ങൾ പരസ്യപ്പെടുത്താൻ ജനമൈത്രി പൊലീസ് കൂട്ടായ്മകളെ ഉപയോഗിക്കും

 പണം നിറയ്ക്കാനെത്തുന്ന വാഹനങ്ങളുടെയും സ്ഥിരമായി ഇടപെടുന്നവരുടെയും വിവരങ്ങൾ പൊലീസ് നിരീക്ഷിക്കും

 സെക്യൂരിറ്റി ഏജൻസികൾക്കും ഗാർഡുകൾക്കും ആയുധലൈസൻസ് നൽകാനുള്ള ബാങ്കുകളുടെ ശുപാർശക്ക് കൂടുതൽ പ്രാധാന്യം നൽകും