officers
പട്ടാളപ്പുഴുവിനെ കണ്ടെത്തിയ പ്രദേശങ്ങൾ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘം സന്ദർശിക്കുന്നു

ചാഴൂർ: ആലപ്പാട് പള്ളിപ്പുറം മേഖലയിലെ പാടശേഖരങ്ങളിൽ വ്യാപകമായി കണ്ടെത്തിയ പട്ടാളപ്പുഴു കർഷകരിൽ ഭീതിയുണർത്തുന്നു. ഒരു മാസത്തിൽ താഴെ മാത്രം വളർച്ചയുള്ള നെൽച്ചെടികളിലാണ് പഴമക്കാർ കരിഞ്ചെറ്റപ്പുഴു എന്നു വിളിക്കുന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം. ആലപ്പാട് പടവിന്റെ ഭൂരി ഭാഗത്തും പുഴു നിറഞ്ഞു കഴിഞ്ഞു. സമീപത്തെ പുള്ള് പടവിലും ഒരു ഭാഗത്ത് പുഴു ശല്യം തുടങ്ങിക്കഴിഞ്ഞു. പാടത്തും ബണ്ടുകളിലുമായി വ്യാപകമായി പുഴുക്കളെ കണ്ടെത്തിയതായി കർഷകർ പറഞ്ഞു. ആലപ്പാട് പുള്ള് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ആറ് കോൾപ്പടവുകളിൽ പ്രധാനമാണ് ആലപ്പാട് കോൾപടവ്. അതിനിടെ ആലപ്പാട് പടവിൽ പുഴുവിനെ തുരത്തുന്നതിന് കൊറാജൻ മരുന്ന് തളിക്കൽ ആരംഭിച്ചു. രണ്ടു ദിവസം കൊണ്ട് ആലപ്പാട് പടവ് മുഴുവൻ മരുന്നു തളിച്ച് പട്ടാളപ്പുഴുവിനെ തുരത്താനുള്ള കഠിന ശ്രമത്തിലാണ് കർഷകർ . മണിക്കൂറുകൾക്കകം ഒരു പ്രദേശത്തെ മുഴുവൻ നെൽച്ചെടികളും നശിപ്പിക്കുവാൻ ഈ പുഴുക്കൾക്ക് സാധിക്കും. പട്ടാളപ്പുഴുവിനെ കണ്ടെത്തിയ പ്രദേശങ്ങൾ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധ സംഘം സന്ദർശിച്ചു.

സർവകലാശാലയിലെ പാത്തോളജിസ്റ്റ് ഡോ. വിമ്മി ലൂയിസ് , അഗ്രോണമിസ്റ്റ് ഡോ. അനിത , എൻഡമോളജിസ്റ്റ് ഡോ. ദീപ്തി , അന്തിക്കാട് കൃഷി അസി. ഡയറക്ടർ വി. ആർ നരേന്ദ്രൻ , ചാഴൂർ കൃഷി ഓഫീസർ മിനി ജോസഫ് , ഓപ്പറേഷൻ ഡബിൾ കോർ നോഡൽ ഓഫീസർ ഡോ . എ. ജെ വിവൻസി, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ അജയ് വിശാഖ് , ആത്മ അസി. ടെക്‌നോളജി മാനേജർ വി.ആർ ജിനി മോൾ, ആലപ്പാട് പുള്ള് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. വി ഹരിലാൽ , വിവിധ പടവു കമ്മിറ്റി ഭാരവാഹികളായ കെ.കെ ബാബു, പവനൻ, അപ്പുക്കുട്ടൻ , കെ .ജി ചന്ദ്രബോസ് , കെ. ജി ധർമ്മൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. . .

പ്രതിവിധി 1

പാടശേഖരങ്ങളിൽ 24 മണിക്കൂർ വെള്ളം കയറ്റി നിറുത്തുക.
തിരിച്ചു വെള്ളം ഇറക്കാൻ പമ്പിംഗ് കാര്യക്ഷമമല്ലാത്തതിനാൽ ഈ രീതി പ്രായോഗികമല്ലെന്ന് കർഷകർ

പ്രതിവിധി 2

പുഴുക്കളുടെ ആക്രമണം തടയാനായി കോറാജൻ 3 മില്ലി 1 ലിറ്റർ വെള്ളത്തിൽ സ്‌പ്രേ ചെയ്യുക. വരമ്പുകളിൽ ക്യുനാൽ ഫോസ് 1 മില്ലി ലിറ്റർ ഉപയോഗിക്കുക.

തവള , എട്ടുകാലി തുടങ്ങി മനുഷ്യന് വരെ യാതൊരു വിധ ദൂഷ്യ ഫലവും ഉണ്ടാക്കാത്ത മരുന്നാണ് കൊറാജൻ.

ആശങ്ക 1000 ഏക്കറിൽ
പുള്ള് പടവിലെ കൃഷി 350 ഏക്കർ
ആലപ്പാട് പടവിലെ കൃഷി 200 ഏക്കർ
പള്ളിപ്പുറം പടവിലെ കൃഷി 450 ഏക്കർ

...............

പുഴു ശല്യം മൂലം ഏക്കറിന് 1,000 മുതൽ 1,500 രൂപ വരെ അധിക ചെലവു വരും. രണ്ടു ദിവസത്തെ മരുന്നു തളിയുടെ ചെലവ് കൃഷി വകുപ്പ് വഹിക്കാം എന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

കർഷകർ.

...................

പരാതിയുടെ അടിസ്ഥാനത്തിൽ കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധരും, ജില്ലാ കൃഷി ഓഫീസറും എത്തി പടവിൽ പരിശോധന നടത്തിയിരുന്നു

കെ.കെ രാജേന്ദ്രബാബു

ജില്ലാ കോൾ കർഷക സംഘം പ്രസിഡന്റ്