ചാലക്കുടി: മദ്യപിച്ച് കാറോടിച്ച് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചിട്ട സംഭവത്തിൽ പത്തോളം പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാറോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പെല്ലിശേരി ലിജോയുടെ ഭാര്യ അനു(31) കലിക്കൽക്കുന്ന് ചുണ്ടങ്ങപറമ്പിൽ സതീശൻ(45) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. അനുവിന്റെ ഭർത്താവ് ലിജോ(39), മകൻ അലൻ (രണ്ടര), മുളന്തുരത്തി സേതു (29), ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ പരുത്തിപറമ്പിൽ മുരുകേശൻ (35) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
കൂടാതെ ഏതാനും പേരെ നിസാര പരിക്കുകളോടെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി കല്ലേലി ജോസി(50)നെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ട്രാംവേ റോഡിൽ നിന്നും പാഞ്ഞുവന്ന ഇന്നോവോ കാർ ആദ്യം ഇടിച്ചത് ആനമല ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന രണ്ട് ആട്ടോകളിലാണ്. തുടർന്ന് മുന്നോട്ടു കുതിച്ച കാർ ഇതുഴി പോയിരുന്ന ബൈക്കുകളെയും ഇടിച്ചു വീഴ്ത്തി. ഇതിനിടെ കാൽനട യാത്രക്കാരും അപകടത്തിൽപ്പെട്ടു.
ഊക്കൻസ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം വച്ചാണ് ലിജോ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ടത്. വീണ്ടും മുന്നോട്ട് കുതിച്ച കാർ ട്രങ്ക് റോഡ് ജംഗ്ഷനടുത്ത് മറ്റൊരു ബൈക്കിൽ ഇടിച്ചു നിന്നു. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാർ കാറോടിച്ച ജോസിനെ നന്നായി കൈകാര്യം ചെയ്തു. തുടർന്ന് പൊലീസെത്തി ഇയാളെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏഴ് ആട്ടോകളും പതിമൂന്ന് ബൈക്കുകളുമാണ് ഇയാൾ ഇടിച്ചുവീഴ്ത്തിയത്.