kanakkankadavu
കണക്കൻകടവിലെ തടയണ തുറന്നുകിടക്കുന്നു

മാള: തുലാവർഷത്തെ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥയിൽ തട്ടി ചാലക്കുടിപ്പുഴയുടെ കണക്കൻകടവിലെ താത്കാലിക തടയണ നിർമ്മാണം നീളുന്നു. സ്ഥിരം തടയണ തകർന്നത് ഈ വർഷവും ശരിയാക്കാൻ സാദ്ധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താത്കാലിക തടയണ കെട്ടാൻ തീരുമാനിച്ചത്. എന്നാൽ തുലാവർഷം സംബന്ധിച്ച പ്രവചനങ്ങളാണ് പദ്ധതിക്ക് തടസമായത്.

ഡ്രഡ്ജിംഗ് നടത്തി താത്കാലിക തടയണ നിർമ്മാണം തുടങ്ങിയതിന് ശേഷം തുലാവർഷം കനത്താൽ എല്ലാം വെള്ളത്തിലാകുമെന്നതിനാൽ ജലസേചന വകുപ്പ് നിർമ്മാണം ആരംഭിച്ചിട്ടില്ല. നിർമ്മാണത്തിന് ഡ്രഡ്ജർ വരെ സജ്ജമായിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞ് ജലവിതാനം താഴ്ന്നതോടെ കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണ്. തടയണ നിർമ്മാണം വൈകി ഉപ്പുവെള്ളം പുഴയിലേക്ക് കയറിയതോടെ കുഴൂർ പഞ്ചായത്തിലെ ജലസേചന, കുടിവെള്ള പദ്ധതികൾ അടച്ചിടേണ്ട നിലയിലായി.

ഇത്തരം സാഹചര്യം കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കും. കഴിഞ്ഞ വർഷങ്ങളിലും സമാനമായ അവസ്ഥയുണ്ടായി. ഉപ്പുവെള്ളം കയറി നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കാർഷിക വിളകളാണ് നശിച്ചത്. ഇത്തവണ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുഴൂർ പഞ്ചായത്തിലെ കർഷകർ ഏറെ പ്രതീക്ഷകളോടെയാണ് വീണ്ടും കൃഷിയിറക്കിയത്. കുഴൂർ പഞ്ചായത്തിന് മുകളിലുള്ള അന്നമനട പഞ്ചായത്തിനെയും ഉപ്പുവെള്ളം പ്രതികൂലമായി ബാധിക്കും. ഈ രണ്ട് പഞ്ചായത്തുകളിലായി ചാലക്കുടി പുഴയിൽ നിരവധി ജലസേചന പദ്ധതികളുമുണ്ട്. ഉപ്പുവെള്ളം കയറി കൃഷി മുൻ വർഷങ്ങളിൽ നശിച്ചിട്ടുള്ള അനുഭവം ഉള്ളതിനാൽ കർഷകർ ആശങ്കയിലാണ്.