തൃശൂർ: പുതുമോടിയിൽ അണിഞ്ഞൊരുങ്ങാൻ, തൃശൂർ വടക്കെ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നൂറു കണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന വടക്കെ സ്റ്റാൻഡിന്റെ നവീകരണപ്രവർത്തനങ്ങളുടെ തറക്കല്ലിടൽ മന്ത്രി എ.സി മൊയ്തീനും സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ വി.ജി മാത്യുവും മേയർ അജിത ജയരാജനും ചേർന്ന് നിർവഹിച്ചു. ബസ് സ്റ്റാൻഡ് നവീകരണത്തിന് അഞ്ചരക്കോടി ചിലവഴിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്കാണ്.

മന്ത്രി വി.എസ്. സുനിൽകുമാർ സൗത്ത് ഇന്ത്യൻ ബാങ്കിന് നിർമ്മാണ കരാർ കൈമാറ്റം നടത്തി. സി.എൻ ജയദേവൻ എം.പി, കെ. രാജൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ ബീന മുരളി, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ എം.എസ് സമ്പൂർണ, കെ. മഹേഷ്, സി.ആർ വൽസൻ, ആന്റോ ഫ്രാൻസിസ്, എം.എസ് പ്രേംകുമാർ തുടങ്ങിയവർ സംബന്ധിച്ചു. തനതു ഫണ്ടുകൾക്കും സർക്കാർ ഫണ്ടുകൾക്കും പുറമെ പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ നാടിന്റെ വികസനം സാദ്ധ്യമാകൂവെന്ന് മന്ത്രി എ.സി.മൊയ്തീൻ ഓർമിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് നവതി ആഘോഷിക്കുന്ന വർഷത്തിൽ തന്നെ ഇത്തരത്തിലുള്ള നല്ല കാര്യം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ വി.ജി മാത്യു പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വടക്കെ സ്റ്റാൻഡിലെ ബസുകൾ സമീപത്തെ അക്വാട്ടിക് കോംപ്ലക്‌സിനോടു ചേർന്നുള്ള താത്കാലിക സ്റ്റാൻഡിലേക്ക് മാറ്റി. യാത്രക്കാർക്കുള്ള ഷെഡ് അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സജ്ജീകരണങ്ങൾ ഇങ്ങനെ


എൻക്വയറി കൗണ്ടർ

യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം

മിനി ക്ലിനിക്

ഡ്രൈവേഴ്‌സ് ചേംബർ

പ്രീപെയ്ഡ് ടാക്‌സി ബൂത്ത്

ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യത്തോടെയുള്ള ശുചിമുറികൾ

മെഡിക്കൽ ഷോപ്പ്

ബേക്കറി

കോഫി ഷോപ്പ്

പൊലീസ് എയ്ഡ് പോസ്റ്റ്

കോർപറേഷൻ ആരോഗ്യവിഭാഗം

എ.ടി.എം കൗണ്ടറുകൾ

ഒരേ സമയം പാർക്കിംഗ് 20 ബസുകൾക്ക്


സ്റ്റാൻഡിന്റെ ശുചീകരണം ഉറപ്പുവരുത്താൻ കോർപറേഷൻ വക സംവിധാനം.