പുതുക്കാട് : വെള്ളിയാഴ്ച നടന്ന വിവാഹത്തോടനുബന്ധിച്ച് വൈകിട്ട് വിവാഹ സത്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരിൽ നൂറോളം പേർക്ക് വിഷബാധ. നെന്മണിക്കര ഇഞ്ചോടി ആനന്ദന്റെ മകൻ അജിത്തിന്റെ വിവാഹ സത്കാരത്തിൽ ഭക്ഷണം വിതരണം ചെയ്തത് തൃശൂർ ചേറൂരിലെ റോക്ക്‌ലാൻഡ് കാറ്ററിംഗ് സർവീസുകാരാണ്.
തലോർ സഹകരണ ആഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. പുഡിംഗ് കഴിച്ചവരിലാണ് വിഷബാധയേറ്റവരിൽ അധികവും. പുഡിംഗ് കഴിക്കാത്തവർക്കും വിഷബാധയേറ്റു. അർദ്ധരാത്രിയോടെ പലർക്കും വയറുവേദനയും, ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. ചിലർക്ക് കലശലായ പനിയുമുണ്ടായി. ഉച്ചയായപ്പോഴേക്കും പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും വാർഡിൽ കട്ടിലുകൾ നിറയെ രോഗികളെ കൊണ്ട് നിറഞ്ഞു. പ്രാഥമിക ചികിത്സ നൽകി വിടുതൽ നൽകിയ ചിലർക്ക് വീണ്ടും അസുഖലക്ഷണങ്ങൾ കണ്ടതോടെ വീണ്ടും പ്രവേശിപ്പിക്കപ്പെട്ടു. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ വൈകീട്ട് വരെ എഴുപത് പേരെ അഡ്മിറ്റ് ചെയ്തു. പലരെയും ചികിത്സ നൽകി വിട്ടയച്ചു. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പത്തുപേരെ പ്രവേശിപ്പിച്ചു. ഒല്ലൂരിലും തൃശൂരിലും സ്വകാര്യ ആശുപത്രികളിൽ എതാനും പേർ ചികിത്സ തേടി. വലപ്പാടു നിന്നെത്തിയ വധുവിന്റെ ചില ബന്ധുക്കൾക്കും വിഷബാധയേറ്റിട്ടുണ്ടെന്നും പറയുന്നു. പുഡിംഗ് തയ്യാറാക്കിയ അങ്കമാലിയിലെ കാർണിവൽ കാറ്ററിംഗിലെ രണ്ട് ജീവനക്കാരെ ഭക്ഷ്യവിഷബാധയേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഉണർന്ന് പ്രവർത്തിച്ച് ആശുപത്രി അധികൃതർ
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഭഷ്യവിഷബാധയേറ്റ് രോഗികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീടുകളിലേക്ക് പോയ ഡോക്ടർമാരെയും നഴ്‌സുമാരെയും വിളിച്ചു വരുത്തി. ആരോഗ്യ വിഭാഗം ഫീൽഡ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ സേവനവും ആശുപത്രിയിൽ ലഭ്യമാക്കി. അശുപത്രിയിൽ ആവശ്യാനുസരണം മരുന്ന് ലഭ്യമായിരുന്നതും അനുഗ്രഹമായി .