തൃശൂർ: ആചാരമാണ് നിയമം എന്ന് കരുതിപ്പോന്ന നാടുവാഴിത്ത കാലത്തിലേക്ക്, ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് കേരളത്തെ പിറകോട്ട് വലിക്കണമെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ ആചാരമൗലികവാദികൾക്കുള്ളതെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, മറ്റിതര വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാഡമി അങ്കണത്തിൽ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി ഹാളിൽ ഒരുക്കിയ ചരിത്ര ചിത്രപ്രദർശനവും മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ കെ.വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, അഡ്വ. കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ടി.വി അനുപമ, സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ സതീശൻ തുടങ്ങിയവർ പങ്കെടുത്തു. 'ആചാര കേരളത്തിൽ നിന്ന് ആധുനിക കേരളത്തിലേക്ക് ' എന്ന വിഷയത്തിൽ കേരള സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. എ സിദ്ദിഖ് പ്രഭാഷണം നടത്തി.