bhageerathy

കൊടുങ്ങല്ലൂർ : 'പച്ചപ്പനം തത്തേ.... പുന്നാരപ്പൂമുത്തേ" എന്ന് ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനം കവർന്ന ഭാഗീരഥി ടീച്ചർ (91) ഒർമ്മയായി. ഇന്നലെ രാത്രിയോടെ ലോകമലേശ്വരത്തുള്ള സഹോദരൻ കാളിദാസന്റെ വീടായ ജി.കെ. മന്ദിരത്തിലായായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും. 'പച്ചപ്പനം തത്തേ...പുന്നാരപ്പൂമുത്തേ" എന്ന നാടക ഗാനത്തിന് ശബ്‌ദം നൽകിയ പി.ജി. ഭഗീരഥി ടീച്ചർ വാർദ്ധക്യത്തോടും രോഗങ്ങളോടും മറവിയോടും മല്ലടിച്ച് കഴിയുകയായിരുന്നു.

ചെറുപറമ്പിൽ ഗോപാലൻകുട്ടി മേനോന്റെയും പരിയാടത്ത് ഇക്കാവു അമ്മയുടെയും മകളായി 1930ലായിരുന്നു ജനനം. എട്ടാമത്തെ വയസിൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ആരംഭിച്ച് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അരങ്ങേറ്റംകുറിച്ച ടീച്ചർ 16-ാമത്തെ വയസിൽ മഹാകവി വള്ളത്തോളിന്റെ സാന്നിദ്ധ്യത്തിൽ കേരള കലാമണ്ഡലത്തിൽ സമ്പൂർണ കച്ചേരി അവതരിപ്പിച്ചു. ഒരു പവന്റെ സ്വർണമെഡലായിരുന്നു വള്ളത്തോളിന്റെ സമ്മാനം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികയായി കേരള കലാവേദിയിലെത്തിയ ടീച്ചർ ചെറുകാടിന്റെ നമ്മളൊന്ന് എന്ന നാടകത്തിനുവേണ്ടിയാണ് 'പച്ചപ്പനം തത്തേ" എന്ന ഗാനം പാടിയത്. ഇതിലെ മറ്റൊരുഗാനമായ 'കാഹളമൂതുക നാം" എന്ന ഗാനവും പാടി. എന്നാൽ ഈ ഗാനത്തിന്റെ സ്വരാവകാശം മറ്റു പലർക്കും വീതിച്ചു നൽകാൻ ചിലർ ശ്രമിച്ചത് ഇവരെ വിഷമിപ്പിച്ചു.

ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന ഭഗീരഥി ടീച്ചർ 40 വർഷത്തോളം സംഗീതക്കച്ചേരി അവതരിപ്പിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മ്യൂസിക് ഹയർ പാസായി പുല്ലൂറ്റ് ലേബർ എൽ.പി സ്‌കൂളിൽ സംഗീതാദ്ധ്യാപികയായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം ജോലിയിൽ തടസങ്ങളുണ്ടാക്കി. ചുവന്ന സാരിയുടുത്തതിന് സ്‌കൂളിൽ നിന്ന് പുറത്താക്കി. പിന്നീട് പടിഞ്ഞാറെ വെമ്പല്ലൂർ ഗോപാലകൃഷ്ണ യു.പി സ്‌കൂളിൽ അദ്ധ്യാപികയായി. 1985ൽ വിരമിച്ചു.

സംഗീതനാടക അക്കാ‌ഡമി പുരസ്‌കാരമടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെയും ടി.എൻ. കുമാരന്റെയും പ്രിയസുഹൃത്തായിരുന്നു. ജി.എസ്. സുരേഷ് കൗൺസിലറായിരിക്കെയാണ് കിടപ്പു രോഗിയായ അവസ്ഥ നാടറിഞ്ഞത്. അന്നത്തെ മന്ത്രി കെ.പി. രാജേന്ദ്രൻ ഇടപെട്ട് സഹായമായി 25000 രൂപ നൽകിയിരുന്നു. ഏതാനും വർഷം മുമ്പ് കാനം രാജേന്ദ്രൻ കൊടുങ്ങല്ലൂരിലെത്തിയപ്പോൾ, മേഖലയിലെ സി.പി.ഐ ഭാരവാഹികൾക്കൊപ്പം ടീച്ചറെ ചെന്ന് കണ്ടിരുന്നു.